
തൃശ്ശൂർ: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽപ്പന നടത്താനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചതോടെ പ്രതികരണവുമായി തൃശ്ശൂരിലെ ബേക്കറി ഉടമ കൃഷ്ണകുമാർ. ലൈസൻസ് റദ്ദാക്കുന്നതായി സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സർക്കാർ അങ്ങനെ തീരുമാനമെടുത്താൽ ഒന്നും ചെയ്യാനില്ലെന്നും തൃശ്ശൂർ പൂവത്തുശ്ശേരിയിലെ എംആർസി ബേക്കറി ഉടമ കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സർക്കാരിനെ ധിക്കരിച്ച് പ്രവർത്തിക്കില്ല. സർക്കാർ വേണമെന്ന് പറഞ്ഞാൽ ചെയ്യും, വേണ്ടെന്ന് പറഞ്ഞാൽ ചെയ്യില്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. സർക്കാർ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് കോച്ചേരി വൈൻസ് ഉടമ സുരേഷ് കോച്ചേരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൃഷ്ണകുമാറിന്റെ എംആർസി ബേക്കറിയാണ് ഹോർട്ടിവൈൻ വിൽപ്പനയ്ക്കുള്ള ലൈസൻസിനായി സംസ്ഥാനത്ത് ആദ്യമായി അനുമതി തേടിയത്. കഴിഞ്ഞ ജൂണിൽ വൈൻ വിൽപ്പനയ്ക്കുള്ള ലൈസൻസ് ലഭിച്ചെന്നാണ് ബേക്കറി ഉടമ പറയുന്നത്.
അതേസമയം, ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പന വിവാദമായതോടെയാണ് സർക്കാർ ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു. അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽകുമാറാണ് ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി തേടി എക്സൈസ് കമ്മീഷണറെ സമീപിച്ചത്. തുടർന്നാണ് ഇതിന് അനുമതി നൽകിയത്. എന്നാൽ, ഹോർട്ടിവൈൻ വിൽപ്പനയ്ക്കുള്ള അനുമതി വിവാദമായതോടെ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും ഉത്തരവ് മരവിപ്പിക്കുകയുമായിരുന്നു. പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തുനിന്ന് അനിൽകുമാറിനെ മാറ്റുകയുംചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. യാതൊരുവിധ കൂടിയാലോചനകളുമില്ലാതെയാണ് ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. എക്സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ ഈ തീരുമാനം അറിഞ്ഞിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam