
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കും. ആഗോള തലത്തിൽ ഇന്നാണ് ( ജൂൺ 5 ) പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ സ്കൂളുകൾ അവധിയായിരുന്നു. അതിനാൽ തന്നെ സംസ്ഥാന തലത്തിൽ സ്കൂളുകളിൽ പതിവായി നടത്തുന്ന പരിസ്ഥിതി ദിനാചരണം ഇന്ന് നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ 6 - തിങ്കളാഴ്ച) സ്കൂളുകളിൽ പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്.
'ഒരേയൊരു ഭൂമി' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം. സംസ്ഥാനത്ത് കുട്ടികളിൽ ഈ സന്ദേശം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രിയായ വി ശിവൻകുട്ടി നിർദ്ദേശിച്ചു. പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങൾ സ്‌കൂളുകളിൽ നടത്താം.
തിങ്കളാഴ്ച തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. നേമം മണ്ഡലത്തിലെ കാലടി ഗവർമെന്റ് ഹൈസ്‌കൂളിലാണ് പരിപാടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam