കേരള സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് എവിടെ നിന്ന്? 2016 ലെ 29 ൽ നിന്ന് 830 ലേക്ക് വളർന്ന് കേരളത്തിലെ ബാറുകൾ!

Published : Feb 11, 2026, 11:42 AM IST
pension

Synopsis

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനാവശ്യമായ പണം സർക്കാർ കണ്ടെത്തുന്നത് പ്രധാനമായും മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് ഇവിടെയാണ്. 

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത് നല്ല കാര്യം. എന്നാൽ എങ്ങനെയാണ് കേരള സർക്കാർ ഇതിനടക്കം ക്ഷേമ കാര്യങ്ങൾക്ക് പണം കണ്ടെത്തുന്നത് എന്ന് നോക്കിയാൽ ഒട്ടും ശുഭോദർക്കമല്ല. മദ്യവും ലോട്ടറിയും വിറ്റാണ് പ്രധാനമായും ക്ഷേമത്തിനും ശമ്പളത്തിനും പെൻഷനും പണം കണ്ടെത്തുന്നത്.

കേരളത്തിൽ പലരുടെയും ഉപജീവന മാർഗമാണ് ലോട്ടറി കച്ചവടം. നമ്മുടെ നാട്ടുകാർക്ക് പുറമേ അയൽക്കാരും ഇതര സംസ്ഥാന തൊഴിലാളികളും ഒക്കെ ലോട്ടറി സ്ഥിരമായി എടുക്കുന്നു. എന്നാൽ ഇത് കേവലം വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലെ കാര്യം മാത്രമല്ല. കേരളത്തിൽ ജീവിക്കുന നമ്മൾ ഓരോരുത്തരും ഈ ഭാഗ്യന്വേഷണത്തിലെ ഗുണഭോക്താക്കളാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന പിന്തുണക്കാരാണ് ഈ ഭാഗ്യോന്വേഷികൾ. 14,100 കോടിയാണ് ഈ സാമ്പത്തിക വർഷം കേരളം ലോട്ടറിയിൽ നിന്നുള്ള റവന്യൂ വരവായി പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും ഇത് കൂടി കൂടി വരുകയാണ്. മദ്യത്തിൽ നിന്നുള്ള വലിയ നികുതി വരവിനൊപ്പം തനതു വരവിനത്തിൽ കേരളത്തെ താങ്ങി നിറുത്തുന്നത് ലോട്ടറിയാണ്. മദ്യവും ലോട്ടറിയും ചേർന്നാൽ കേരളത്തിന്റെ നാലിലൊന്ന് റവന്യൂ വരവായി.

മദ്യത്തിന്റെ കാര്യമെടുത്താൽ കേരളം കുടിച്ചു മദിക്കുകയാണ്. നിലവിൽ കേരള സർക്കാർ കൈവരിച്ച ഏറ്റവും വലിയ നേട്ടവും ഈ മേഖലയിലാണ്. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒഴിയുമ്പോൾ കേരളത്തിൽ ഉണ്ടായിരുന്നത് വെറും 29 ബാറുകളാണ്. മദ്യ വർജ്ജന നയത്തിന്റെ ഭാഗമായി ഫൈവ് സ്റ്റാർ ഹോട്ടലുകളിലായി ബാറുകൾ ചുരുക്കിയ കാലം. സാധാരണക്കാർക്ക് വേണമെങ്കിൽ മദ്യ വിൽപ്പനയിൽ കുത്തകാവകാശമുള്ള ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലകളെ ആശ്രയിക്കാം. എന്നാൽ ഇന്ന് സാധാരണക്കാർക്കുമായി ബാറുകൾ തുറന്നിട്ടിരിക്കുകയാണ്. 2016 ലെ വെറും 29ൽ നിന്ന് 2024ആയപ്പോഴേക്കും ബാറുകൾ 830 ആയി കുതിച്ചുയർന്നു. അതായത് 2600 ശതമാനം വളർച്ച. മറ്റൊരു മേഖലക്കും അവകാശപ്പെടാനില്ലാത്ത കുതിപ്പ്. 2025ൽ കേരളത്തിലെ മദ്യ വിൽപ്പന 29.561.85 കോടി രൂപയാണ്. അതിൽ നിന്ന് ലഭിക്കുന്നതാകട്ടെ 14,821.91 കോടിയുടെ നികുതി വരവ്. അതായത് നമ്മുടെ മദ്യപാനികളാണ് കേരളത്തെ താങ്ങിനിറുത്തി നമ്മുടെ നിത്യനിദാന ചെലവുകളെ സഹായിക്കുന്നത്.

പക്ഷേ പ്രത്യക്ഷത്തിൽ നാം മനസ്സിലാക്കാത്ത കാര്യം ഇത് നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതമാണ്. മദ്യപാനം മൂലമുണ്ടാക്കുന്ന ആരോഗ്യ- സാമൂഹ്യ പ്രശ്നങ്ങളും അത് മൂലം മദ്യപിക്കുന്നവരുടെ കുടുംബങ്ങളിലുണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതയുമാണ്. ഒരു കാലത്ത് മദ്യപാനത്തെ സാമൂഹ്യ തിന്മയായി കണ്ട് ഗാന്ധിയൻ പ്രസ്ഥാനങ്ങളും ക്രൈസ്തവ സഭയടക്കം വിവിധ സാമുദായിക സംഘടനകളും ശക്തമായി ചെറുത്ത്നിൽപ്പ് നടത്തിയിരുന്നു. ഇന്ന് അവയുടെ പ്രതിരോധങ്ങളെല്ലാം ദുർബലമായിരിക്കുന്നു.

ചുരുക്കി പറഞ്ഞാൽ ലോട്ടറിയും മദ്യവും ചേർന്നാണ് നമ്മുടെ റവന്യൂ വരവിന്റെ 25 ശതമാനവും സംഭാവന ചെയ്യുന്നത്. വയസായ കേരളത്തിന് പെൻഷൻ ഇനത്തിൽ ഈ വർഷം 29,500 കോടി വേണം. ഇതിനൊക്കെയായി വീണ്ടും കടമെടുക്കുന്നതിന് പലിശ നൽകാൻ മാത്രം മറ്റൊരു 31,800 കോടി വേണം. മദ്യപൻമാരെയും ഭാഗ്യോന്വേഷികളെയും കൂടുതൽ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിന് പിടിച്ചു നിൽക്കാനാകൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അധിക്ഷേപ കേസിൽ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം, നിങ്ങൾ ഒരു അഭിഭാഷക അല്ലേ എന്ന് കോടതിയുടെ ചോദ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം, കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക്