Asianet News MalayalamAsianet News Malayalam

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, തകർന്നടിഞ്ഞ് കോൺ​ഗ്രസും യുഡിഎഫും, ഉത്തരമില്ലാതെ നേതൃത്വം

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാർട്ടിയും ആരോപണശരങ്ങളിൽ കുടുങ്ങിയ ഏറ്റവും അനുകൂലരാഷ്ട്രീയ കാലാവസ്ഥയിൽ യുഡിഎഫ് പ്രതീക്ഷിച്ചത് മിന്നും ജയം.

congress lost his base in local body polls
Author
Thiruvananthapuram, First Published Dec 16, 2020, 8:45 PM IST

തിരുവനന്തപുരം: സർക്കാറിനെതിരായ വിവാദക്കൊടുങ്കാറ്റിൽ ജയിച്ചുകയറാൻ ശ്രമിച്ച യുഡിഎഫിനേറ്റത് കനത്ത തോൽവി. അടിത്തറ ഇളക്കിയ തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിലും മുന്നണിയിലും പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്. പാർട്ടി സംവിധാനത്തിൽ മേജർ സർജറി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. തോൽവി കോൺഗ്രസ് പരിശോധിക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാർട്ടിയും ആരോപണശരങ്ങളിൽ കുടുങ്ങിയ ഏറ്റവും അനുകൂലരാഷ്ട്രീയ കാലാവസ്ഥയിൽ യുഡിഎഫ് പ്രതീക്ഷിച്ചത് മിന്നും ജയം. പക്ഷെ തന്ത്രങ്ങളെല്ലാം പൊളി‍ഞ്ഞ യുഡിഎഫിനേറ്റത് ഞെട്ടിക്കുന്ന തോൽവി. ഏത് കൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കൻ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തിൽ വീണു.

തിരുവനന്തപുരത്തും കൊല്ലത്തും അതിദയനീയ തോൽവി. പത്തനംതിട്ട, പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ ഇടതിന് ബദലായുള്ള ബിജെപിയുടെ കടന്നുകയറ്റവും യുഡിഎഫിന് ഉണ്ടാക്കുന്നത് വൻ ആശങ്ക. മധ്യകേരളത്തിൽ ജോസിനെക്കാൾ ശക്തി ജോസഫിനാണെന്ന വിലയിരുത്തൽ പൂർണമായും പാളി. മലബാറിൽ വെൽഫെയർ സഖ്യം തുണച്ചില്ലെന്ന് മാത്രമല്ല മുന്നണിയുടെ മതേതര പ്രതിച്ഛായ തകർക്കുകയും ചെയ്തു. വിവാദങ്ങൾക്ക് ബദലായുള്ള ഇടതിന്റെ വികസന കാർഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതുമില്ല.

ജയിച്ചസീറ്റുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ഫലം നേട്ടമാണെന്ന് അവകാശപ്പെട്ട നേതൃത്വത്തിനെതിരെ കെ മുരളീധരൻ തുറന്നടിച്ചു. കോൺഗ്രസ്സിനോടുള്ള അമർഷം ലീഗും തുറന്നു പറഞ്ഞു. സർക്കാറിനെതിരെ പടനയിച്ച പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പ് ഫലം വൻതിരിച്ചടിയാണ്. തകർന്നു തരിപ്പണമായ ഈ പാർട്ടിയേയും മുന്നണിയേയും കൊണ്ടാണോ നാല് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ പോരാടാൻ ഇറങ്ങുന്നതെന്നാണ് പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് പരാജയത്തോടെ ദുർബ്ബലമായ നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന നിലപാടും ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാവും. 

മുരളീധരൻ്റെ വാക്കുകൾ - 

മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോൺഗ്രസിന് ആവശ്യം. മാറ്റം കൊണ്ടു വരാനുള്ള സമയം പോലും ഇനി ബാക്കിയില്ല. കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കും. ഇങ്ങനെ പോയാൽ ഇനിയും റിസൽട്ട് തന്നെ ആവർത്തിക്കും.
തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനങ്ങൾ കേൾക്കുന്നുണ്ട്. 

കണ്ണൂർ കോർപ്പറേഷനിലെ ഇത്തവണത്തെ വിജയം ഉദാഹരണമാക്കി പ്രവർത്തിക്കണം. ജംബോ കമ്മിറ്റികൾ ആദ്യം പിരിച്ചു വിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നിൽക്കുന്ന നേതാക്കൾ ആത്മാർത്ഥ പ്രവർത്തനം നടത്തണം. വർഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടിൽ ചേരിതിരിവുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ പോലും പ്രശ്നങ്ങളുണ്ടായി.  ഗ്രൂപ്പ് വെച്ച് സ്ഥാനാർത്ഥിയെ നിർണയിച്ചു. അർഹരായവർക്ക് സീറ്റ് നൽകിയില്ല. അതുകൊണ്ട് പലയിടത്തും വിമതരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരിൽ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. രണ്ട് ജനപിന്തുണയുള്ള പാർട്ടിക്കാരെ പുറത്താക്കി. എൽ ജെ ഡി യുടേയും കേരള കോൺഗ്രസിന്റേയും പോക്ക് യുഡിഎഫിന് നഷ്ടമുണ്ടാക്കി. മുന്നണിയുടെ വിജയത്തെ ഇത് ബാധിച്ചു. വെൽഫയർ പാർട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യുഡിഎഫിന് കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് അഴിമതിയാണ്. എന്നാൽ പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കി.... 

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ - 

മുസ്ലിം ലീഗിന്റെ സ്വാധീന മേഖല മുഴുവൻ ഭദ്രമാണ്. വിശദമായ റിപ്പോർട്ടിന് ശേഷം വിലയിരുത്തേണ്ടതാണ്. കോൺഗ്രസും യുഡിഎഫും വിലയിരുത്തേണ്ട കാര്യങ്ങൾ ഫലത്തിലുണ്ട്. മലപ്പുറം ജില്ലയിലും കാസർകോടും വയനാടും മുസ്ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാനായി. കോഴിക്കോടും നേട്ടമുണ്ടായി. മറ്റ് ജില്ലകളുടെ വിശദമായ വിലയിരുത്തൽ പിന്നീട് നടത്തും. നിലമ്പൂരിൽ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിച്ചത്. എന്ത് സംഭവിച്ചുവെന്ന് നോക്കും. ലീഗിന്റെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോൺഗ്രസും ഗൗരവതരമായി പരിശോധിക്കണം'

Follow Us:
Download App:
  • android
  • ios