
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാര്‍ട്ടിക്കുള്ളിൽ അമര്‍ഷം ശക്തം. ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. തന്നിഷ്ടത്തോടെ ആളുകളെ തിരികെ കയറ്റിയത് പ്രസ്ഥാനത്തോടും അണികളോടും ചെയ്ത വഞ്ചനയാണെന്നും ജയിലിൽ പോവാനും തല്ലു കൊള്ളാനും വേണ്ടി മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് നയം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയത്തിൽ പറയുന്നു.
പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെ നിയമിച്ചത് സങ്കടകരമായ കാര്യം. സംഘടനയ്ക്ക് വേണ്ടി സമരം ചെയ്തവരും മർദ്ദനം ഏറ്റവരുമായ നേതാക്കളെ മനപ്പൂർവ്വം വെട്ടിമാറ്റി. ലീഗ് മന്ത്രിമാരുടെ തന്നിഷ്ട നിലപാടുകളിൽ എം എസ് എഫിന് അമർഷം. എംഎസ്എഫ് അവഗണിക്കപ്പെടുന്നത് സംഘടനയുടെ താഴെത്തട്ടിൽ കടുത്ത നിരാശ ഉണ്ടാക്കുന്നു. പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ നിയോഗിച്ച ഉപസമിതിയെ നോക്കുകുത്തിയാക്കി മന്ത്രിമാർ പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ എംഎസ്എഫ് വിശദമാക്കി.
നേരത്തെ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലയിൽനിന്ന് എംഎൽഎമാരെ മന്ത്രി പദവിക്ക് പരിഗണിക്കാത്തതും സ്റ്റാഫ് നിയമനത്തിൽ അവഗണിച്ചതും മുൻനിർത്തിയാണ് വിമർശനം. ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്നും വിമർശനം. മണ്ഡലം ഭാരവാഹികളാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam