
കോട്ടയം: സംസ്ഥാന നിമയസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ യുഡിഎഫ് കുതിപ്പിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. മത്സരിച്ച എട്ടിൽ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ലീഡ്. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങാനാശേരി, തൊടുപുഴ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച മട്ടിലാണ് മുന്നേറ്റം.
ഇരിഞ്ഞാലക്കുട, ചങ്ങനാശേരി, കോതമംഗലം, കുട്ടനാട്, തിരുവല്ല, കടുത്തുരുത്തി, കാഞ്ഞങ്ങാട്, തൊടുപുഴ എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന് വേണ്ടി മത്സരിച്ച മുതിർന്ന നേതാവ് അഡ്വ. തോമസ് ഉണ്ണിയാടൻ, സിപിഎം സ്ഥാനാർഥിയും മന്ത്രിയുമായ ഡോ. ആർ ബിന്ദുവിനെ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിലാക്കിയിരിക്കുന്നത്.
കേരള കോൺഗ്രസിൻ്റെ തട്ടകമായ കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎയായ അഡ്വ. മോൻസ് ജോസഫിൻ്റെ ലീഡ് 15000 കടന്നു. കേരള കോൺഗ്രസുകൾ തമ്മിൽ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകത കടുത്തുരുത്തിക്ക് ഉണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വേണ്ടി മത്സരിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ നിർമല ജിമ്മി ഇവിടെ രണ്ടാം സ്ഥാനത്താണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സിറ്റിങ് സീറ്റായ ചങ്ങനാശേരി ഇക്കുറി കൈവിട്ടുപോയേക്കാം. മണ്ഡലത്തിൽ ജോസഫ് വിഭാഗം സ്ഥാനാർഥി വിനു ജോബ് നാലായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.
അതേസമയം ജോസഫ് വിഭാഗത്തിൻ്റെ സിറ്റിങ് സീറ്റായ തൊടുപുഴയിൽ പാർട്ടിയുടെ ഭൂരിപക്ഷം 19,000 കടന്നു. വോട്ടെണ്ണൽ ഏഴാം റൗണ്ട് പിന്നിടുമ്പോൾ പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ആണ് ബഹുദൂരം മുന്നിലുള്ളത്. കേരള കോൺഗ്രസുകൾ തമ്മിൽ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് തൊടുപുഴ. ഇവിടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വേണ്ടി മത്സരിക്കുന്നത് സിറിയക് ചാഴികാടൻ ആണ്.
2021ൽ കടുത്തുരുത്തി, തൊടുപുഴ മണ്ഡലങ്ങളിൽ മാത്രം വിജയിച്ചിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണത്തെ മുന്നേറ്റം ഇരട്ടിമധുരമാണ് നൽകുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിച്ച പാർട്ടിയുടെ ഫ്രാൻസിസ് ജോർജും മിന്നും വിജയം നേടിയിരുന്നു. ഇപ്പോഴത്തെ മുന്നേറ്റത്തോടെ, കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ശക്തിയാർജിച്ചിരിക്കുകയാണ്.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നിലവിൽ ഒരു സീറ്റിൽ പോലും ലീഡില്ല. സിറ്റിങ് സീറ്റായിരുന്ന ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ എന്നീ സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിയർക്കുകയാണ്. മാണി ഗ്രൂപ്പിൻ്റെ ഏക മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ ഇടുക്കിയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കോൺഗ്രസ് സ്ഥാനാർഥി റോയ് കെ പൗലോസിനേക്കാൾ 15000ത്തിലധികം വോട്ടുകൾക്ക് റോഷി പിന്നിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam