
തൃശ്ശൂർ: വെങ്കലത്തിൽ നിർമ്മിച്ച രണ്ട് ടൺ ഭാരമുള്ള ഭീമൻ വാർപ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം. വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച വാർപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചത്. പാലക്കാട് സ്വദേശി കെകെ പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നാലു കാതുള്ള ഭീമൻ വാർപ്പ് സമർപ്പിച്ചത്.
ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കാനും ഈ വാർപ്പ് ഉപയോഗിക്കും. പ്രത്യേക പൂജകൾക്ക് ശേഷമാണ് വാർപ്പ് ക്ഷേത്രത്തിന് സമർപ്പിച്ചത്. ഞായറാഴ്ച രാവിലെ ശീവേലിക്ക് ശേഷം ദേവസ്വം ഭരണ സമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ പിസി ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പൂജ.
രണ്ട് ടൺ ഭാരമുള്ള വാർപ്പിന് പതിനേഴര അടി വ്യാസവുമുണ്ട്. ആയിരം ലിറ്റർ പായസം ഈ വാർപ്പിൽ തയ്യാറാക്കാനാവും. പൂർണമായും വെങ്കലത്തിലാണ് വാർപ്പ് നിർമ്മിച്ചത്. മാന്നാർ പരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി, മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് വാർപ്പ് നിർമ്മിച്ചത്. മൂന്ന് മാസത്തോളം സമയമെടുത്താണ് ഇത് നിർമ്മിച്ചത്. നാൽപതോളം തൊഴിലാളികളുടെ അധ്വാനവും ഇതിന് പിന്നിലുണ്ട്.
ഗുരുവായൂരപ്പന്റെ ഥാറും ലേലവും
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ (Mahnidra Thar) ജീപ്പ് ലേലം ചെയ്തതിന്റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലിയാണ് വാഹനം സ്വന്തമാക്കിയത്. ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷണറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചതോടെ വാഹനത്തിന്റെ കൈമാറ്റം മുടങ്ങി.
നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷൻ ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam