അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമ്മാണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Nov 19, 2022, 6:02 PM IST
Highlights

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും  എതിരായ ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

എറണാകുളം: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയുന്നിന് പര്യാപ്തമായ ഒരു നിയമ നിർമ്മാണം അടിയന്തിരമായി കൊണ്ടുവരണമെന്ന്    മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.           അന്ധവിശ്വാസവും ആഭിചാര പ്രക്രിയയും ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്യങ്ങൾ  കർശനമായി നിയമം വഴി നിരോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും  എതിരായ ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നരബലിയുടെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പു സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. 
കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ  സൂക്ഷ്മമായി പരിശോധിച്ചും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു.  

കേരളത്തിൽ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വരുന്നത്  ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിരീക്ഷിച്ചു.  ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി  വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായ ഒരു ഇടപെടൽ ആവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Read More : സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല: കാനം രാജേന്ദ്രൻ

click me!