വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Jun 20, 2022, 02:53 PM ISTUpdated : Jun 20, 2022, 03:08 PM IST
വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ്  ശസ്ത്രക്രിയ  വൈകിയതെന്ന് മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം  നടത്താത്തത്  കാരണം വൃക്ക സ്വീകരിച്ച രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം  നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട്   സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്  ആവശ്യപ്പെട്ടു. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ്  ശസ്ത്രക്രിയ  വൈകിയതെന്ന് മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു. രണ്ടര മണിക്കൂർ കൊണ്ടാണ്  ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്ക്  അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂർ വൈകിയാണ്. വ്യക്ക എത്തിയപ്പോൾ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കിൽ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി,  യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി. രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 34 കാരൻ്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഇതിനിടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടു.  അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Read More : അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനാൽ വൃക്ക സ്വീകരിച്ച രോഗി മരിച്ചെന്ന് പരാതി,അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൃക്ക തകരാറിലായ രോഗിക്ക് എരണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ വൃക്കയുമായി കൃത്യ സമയത്ത് തന്നെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു. 

നെഫ്രോളജി യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യുരിറ്റ് അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്. 

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത