ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം,കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

By Web TeamFirst Published Aug 15, 2022, 9:26 PM IST
Highlights

പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഇന്നലെ രാത്രിയിലാണ് വെൻപാല സ്വദേശി രാജനെ ശ്വാസമുട്ടലിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് 12 മണിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസിൽ കയറ്റി. ഓക്സിജൻ സിലണ്ടർ കടുപ്പിച്ചാണ് ആംബുലൻസ് പുറപ്പെട്ടത്. എന്നാൽ 10 മിനുറ്റിന് ശേഷം രോഗിയുടെ നില ഗുരുതരമായി. വാഹനത്തിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലണ്ടറിലെ ഓക്സിജൻ തീർന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.

തിരുവല്ലയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജലേക്കുള്ള വഴിയിലെ ആശുപത്രികളിൽ ആംബുലൻസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ നിർത്തിയില്ലെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ആംബുലൻസിൽ ഓക്സിജൻ നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ ബിജോയിടെ വിശദീകരണം. അതേസമയം 38 % ഗുരുതര നിലയിലാണ് രോഗിയെ തിരുവല്ല ആശുപത്രിയിലെത്തിച്ചതെന്നും ആവശ്യപ്രകാരമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചതെന്നുമാണ് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു വി നെൽസൻ പറയുന്നത്. തിരുവല്ലയിലെ സൂപ്രണ്ടിന്‍റെ വിശദീകരണം ശരി വാക്കുന്നതാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ വാക്കുകള്‍. ആലപ്പുഴയിൽ എത്തിച്ച് 30 മിനിറ്റിനു ശേഷമാണ് രോഗി മരിച്ചതെന്ന് സൂപ്രണ്ട് പറയുന്നു.

ബന്ധുക്കളുടെ പരാതിയിൽ പുളിക്കിഴ് പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

click me!