എറണാകുളത്ത് മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Feb 13, 2023, 05:13 PM ISTUpdated : Feb 13, 2023, 05:17 PM IST
എറണാകുളത്ത് മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

മാലിന്യക്കുഴിയിൽ വീണ് പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാലിന്യക്കുഴിയിൽ വീണ് പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ലേബർ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷൻ  നിര്‍ദ്ദേശം നല്‍കി.

പെരുമ്പാവൂരില്‍ അമ്മയുടെ ജോലി സ്ഥലത്തെത്തിയ പശ്ചിമ ബംഗാൾ സ്വദേശി അസ്മിനിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാവിലെ അമ്മ ഹനൂഫ ബീവിക്കൊപ്പം കുറ്റിപ്പാടത്തെ നോവ പ്ലൈവുഡ് കമ്പനിയിലെത്തിയതായിരുന്നു അസ്മിനി. അമ്മ കമ്പനിക്കുള്ളിൽ ജോലി ചെയ്യുമ്പോൾ നാല് വയസ്സുള്ള മകൾ കൂട്ടുകാരിക്കൊപ്പം കളിക്കുകയായിരുന്നു. കമ്പനിയിലെ ബോയിലറിൽ നിന്നും വെള്ളമൊഴുകി എത്തുന്ന പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കുഞ്ഞ് വീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെരുമ്പാവൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കമ്പനി താത്കാലികമായി അടച്ചിടാനും ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പ് നിർദ്ദേശം നൽകി.

Also Read: മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിൽ

മാലിന്യവെള്ളമെത്തുന്ന കുഴി മുഴുവൻ സമയവും സ്ലാബിട്ട് മൂടേണ്ടതാണ്. എന്നാല്‍, മാലിന്യം നീക്കം ചെയ്യാൻ ഇന്നലെ തുറന്ന് വെച്ച കുഴി മൂടാൻ വിട്ട് പോയെന്നാണെന്നാണ് ഉടമയുടെ വിശദീകരണം. അപകടകരമായ തൊഴിൽ സാഹചര്യവും ശാസ്ത്രീയമായ രീതിയിൽ കുഴി മൂടാത്തതും ചൂണ്ടിക്കാട്ടിയാണ് കമ്പനി താത്കാലികമായി അടച്ചിടാൻ ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് നോട്ടീസ് നൽകിയത്. സംഭവത്തിൽ വെങ്ങോല പഞ്ചായത്തും ഉടമയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അതിരാവിലെ മുതൽ ഏറെ വൈകിയാണ് പ്ലൈവുഡ് കമ്പനിയിലെ തൊഴിൽ സമയം. അതിനാൽ തെഴിലാളികളുടെ കുട്ടികളാരും സ്കൂളിൽ എത്താറില്ല. സാധാരണ സമയക്രമത്തേക്കാളും അധികനേരം പ്രവർത്തിക്കുന്ന മൊബൈൽ ക്രഷുക്കളും ഡേ കെയർ സംവിധാനങ്ങളും കുട്ടികൾക്കായി ഒരുക്കണമെന്ന് ഏറെ നാളായി ഉയരുന്ന ആവശ്യമാണ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ