
കൊച്ചി: ഇന്ധനവിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വൻ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതൽ ഒരുക്കിയിട്ടുള്ളത്. വഴിയിൽ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്. അതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ നാല് വയസ്സുകാരന് മരുന്ന് വാങ്ങാൻപോയ അച്ഛനെ തടഞ്ഞ് പൊലീസിന്‍റെ ഭീഷണി എന്ന വാർത്ത കൊച്ചിയിൽ നിന്ന് പുറത്തുവരുന്നത്. കാലടി കാഞ്ഞൂരിൽ ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കടണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. പൊലീസ് നിർദ്ദേശം പാലിച്ച് 1 കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു എന്ന് ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശരത്തിനെയും സഹോദരനെയും എസ് ഐ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ മരുന്ന് കട ഉടമ മത്തായിയും സ്ഥലത്ത് എത്തി. വിഷയത്തിൽ ഇടപെട്ടപ്പോൾ തന്‍റെ കട അടച്ച് പൂട്ടിക്കുമെന്നായിരുന്നു പൊലീസിന്‍റെ വെല്ലുവിളിയെന്ന് മെഡിക്കൽ ഷോപ്പ് ഉടമ മത്തായി വ്യക്തമാക്കി. മരുന്ന് പോലും വാങ്ങാൻ സമ്മതിക്കാതെ പൊലീസ് നടത്തിയ ഈ സുരക്ഷാ ക്രമീകരണം നാട്ടുകാരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ശരത് ആലുവ പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam