
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പുളിഞ്ചുവട് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ ആണ് അരമണിക്കൂറോളം ചികിത്സ വൈകിയതിനെ തുടർന്ന് ആംബുലൻസിൽ കിടന്ന് മരിച്ചത്.
കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളതിനാൽ അത്യാഹിത വിഭാഗത്തിൽ വെച്ച് പരിശോധിക്കാൻ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ശ്വാസംമുട്ടലും ചുമയും ഉണ്ടായിരുന്ന വിജയനെ ഫ്ലാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് സ്വകാര്യ ആംബുലൻസിൽ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 9:15ന് രോഗിയുമായി ആംബുലൻസ് ആശുപത്രിയിൽ എത്തി. അരമണിക്കൂർ സമയം ഡോക്ടർമാർ ആരും പരിശോധിക്കാനായി എത്തിയില്ല. പത്ത് മണിയോടെ വിജയൻ ആംബുലൻസിൽ കിടന്ന് മരിച്ചു.
കൊച്ചിയിൽ രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം
ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ച രോഗിയെ കൊവിഡ് രോഗലക്ഷണങ്ങൾ പറഞ്ഞതിനെ തുടർന്ന് പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടിരുന്നു. അവിടെ എത്തിയപ്പോൾ വൈദ്യുതി ഇല്ല. തുടർന്നാണ് കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക് രോഗിയുമായി ആംബുലൻസ് എത്തിയത്. എന്നാൽ ഇവിടേക്ക് ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റ് ധരിച്ചെത്തിയപ്പോഴേക്കും വിജയൻ മരിച്ചു. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam