
കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ പിടിയിലായത്. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീലങ്കൻ സ്വദേശികളായ 11 പേർ കൊല്ലത്ത് പിടിയിലായിരുന്നു. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ന് കൂടുതൽ പേർ പിടിയിലായത്.
കൊല്ലത്ത് നിന്ന് കാനഡയിലേക്ക് അനധികൃതമായി ബോട്ടിൽ കടക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായവരുടെ എണ്ണം, ഇതോടെ 22 ആയി. മനുഷ്യക്കടത്ത് സംഘത്തിന്റെ സൂത്രധാരൻ കൊളംബോ സ്വദേശിയായ ലക്ഷ്മണൻ ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികൾ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
'ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത്'; പൊലീസ് കേസെടുത്തു
കൊല്ലത്തെ ലോഡ്ജിൽ നിന്നാണ് കഴിഞ്ഞ ദിവസം 11 പേരെ പിടികൂടിയത്. ഓഗസ്റ്റ് 19-ന് ശ്രീലങ്കയിൽ നിന്ന് ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ രണ്ടു പേരെ പിന്നീട് കാണാതായിരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും നടത്തിയ അന്വേഷണമാണ് സംഘത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ക്യൂബ്രാഞ്ച് ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്‍ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ അറസ്റ്റിലായത്.
പിടിയിലായവരിൽ രണ്ടു പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കൻ അഭയാര്‍ത്ഥി ക്യാമ്പിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam