
കോഴിക്കോട്/ ഇടുക്കി: വന്യമൃഗ ശല്യം തുടുരുന്ന പശ്ചാത്തലത്തില്‍ പ്രകോപന പ്രസംഗവുമായി താമരശ്ശേരി ബിഷപ്പ്. വന്യമൃഗ ശല്യം തുടർന്നാൽ വെടി വച്ച് കൊല്ലുമെന്നും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാൻ വരേണ്ടെന്നും മാർ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മലയോര മേഖലയിലെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും അതിനുള്ള സംവിധാനവും ശക്തിയും ഞങ്ങൾക്ക് ഉണ്ടെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അതേസമയം, വന്യമൃഗ ആക്രമണത്തിൽ സർക്കാരിനെതിരെ ഇടുക്കി രൂപതയും രംഗത്തെത്തി. നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളത്. ഇത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകമാണെന്നും ഇടുക്കി രൂപത കുറ്റപ്പെടുത്തി. വന്യ മൃഗ ആക്രമണം ഭയന്ന് തെരവിലിറങ്ങുന്ന ജനങ്ങളെ വനപാലകർ അടിച്ചമർത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. മനുഷ്യത്വത്തിന് വിലകൽപ്പിക്കാത്ത നേതൃത്വവും ഭരണകൂടവുമുള്ള നാടായി മാറി. പ്രതിഷേധക്കാരെ അടിച്ചമർത്തുകയും കള്ളക്കേസെടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ഇത്രയേറെ പേർ കൊല്ലപ്പെട്ടിട്ടും ഒന്നും മിണ്ടാത്ത വനംമന്ത്രി അപമാനകരമാണെന്നും ഇടുക്കി രൂപത വിമര്‍ശിച്ചു. ആവശ്യമെങ്കിൽ കർഷകർക്കൊപ്പം സമര രംഗത്തിറങ്ങുമെന്നും ഇടുക്കി രൂപത മുന്നറിയിപ്പ് നൽകി.