
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പൊലീസ് പിടികൂടി. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും പിടികൂടിയത്. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന സിപി ബാബു-അമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ രാജേഷ് നടുറോഡിൽ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്.
പള്ളിച്ചന്തയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി വാഹനത്തിൽ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യിൽ കരുതിയ കത്തികൊണ്ട് അമ്പിളിയെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അമ്പിളി മരിച്ചു. അതേസമയം, പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം അമ്പിളിയുടെ പണമടങ്ങിയ ബാഗുമായി രാജേഷ് വീട്ടിൽ പോയ ശേഷമാണ് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു.
പൈസ വീട്ടിൽ നിന്നും, കുത്താൻ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. പ്രദേശവാസികളും വീട്ടുകാരുടെയും ആക്രമണം ഭയന്ന് രാജേഷിനെ ഹെൽമെറ്റ് വച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുവന്നത്. എന്നിട്ടും നാട്ടുകാരായ ചിലർ രോഷാകുലരായി. ചേർത്തല ഡിവൈഎസ്പി എസ് ഷാജി, ചേർത്തല സിഐ ജി പ്രൈജു, പൂച്ചാക്കൽ സിഐ എൻ ആർ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. അമ്പിളിയുടെ മൃതദേഹം അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്കരിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam