
പത്തനംതിട്ട: ആറന്മുളയിൽ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തില്‍ വിനീത് ആണ് അറസ്റ്റിലായത്.
ബധിരനും മൂകനുമായ വിനീതിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ, മകൾ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തിലാണ് അറസ്റ്റ്. ശ്യാമയുടെ അച്ഛൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിൽ വിനീതിന്റെ മാതാപിതാക്കളും പ്രതികളാണ്.
മെയ് ആറാം തീയതിയാണ് ശ്യാമയേയും മകളേയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കേ മെയ് 12-ന് ആദിശ്രീയും 13-ന് ശ്യാമയും മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിന്നാലെ ശ്യാമയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടെങ്കിലും പലപ്പോഴും സ്ത്രീധനത്തിൻ്റെ പേരിൽ പണം ആവശ്യപ്പെട്ട് വിനീത് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവിൻ്റെ പരാതിയിൽ പറയുന്നു. വിനിതീൻ്റെ മാതാപിതാക്കൾക്ക് എതിരായും പരാതിയിൽ പരാമര്‍ശമുണ്ടായിരുന്നു.
എന്നാൽ പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവിൽ പോയി. കേരളം വിട്ട ഇവര്‍ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞു. ഇതിനിടെ വിനീത് നാട്ടിൽ എത്തിയതായി വിവരം ലഭിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ വിനീതിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് ചുമത്തി. ഇപ്പോഴും ഒളിവിലുള്ള വിനീതിൻ്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam