ഒരു വശത്ത് പ്രവേശനോത്സവത്തിനുള്ള ഒരുക്കം. മറുവശത്ത് റോഡിൽ എങ്ങനെയെങ്കിലും കുഴിമൂടാനുള്ള തിടുക്കം.
തിരുവനന്തപുരം: സ്കൂൾ തുറന്നിരിക്കെ (School Opening) കുട്ടികൾക്ക് കെണിയായി തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി (Trivandrum Smarty City Project) പദ്ധതിക്കായി എടുത്തിട്ട കുഴികൾ. സ്കൂൾ ഇന്ന് തുറക്കുന്നത് മുൻകൂട്ടിക്കണ്ട് പണിതീരും മുൻപേ തിരക്കിട്ട് മൂടിയിരിക്കുകയാണ് മിക്കതും. മൂടാത്ത സ്ഥലങ്ങളിലാകട്ടെ ഗതാഗതക്കുരുക്കും അപകട സാധ്യതയുമുണ്ട്.
ഒരു വശത്ത് പ്രവേശനോത്സവത്തിനുള്ള ഒരുക്കം. മറുവശത്ത് റോഡിൽ എങ്ങനെയെങ്കിലും കുഴിമൂടാനുള്ള തിടുക്കം. ഇതായിരുന്നു ഇന്നു രാവിലെ വഞ്ചിയൂർ സക്കാർ ഹൈസ്കൂളിനു മുന്നിലെ കാഴ്ച്ച. വഞ്ചിയൂരിൽ തന്നെ ഹോളി ഏഞ്ചൽ സ്കൂളിന് മുന്നിലെത്തിയാൽ ഏറ്റവും പ്രധാനപ്പെട്ട റോഡിൽ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇവിടെ പണി തീർന്നിട്ടുമില്ല, ഇറക്കിയ സാധനങ്ങളൊന്നും മാറ്റിയിട്ടുമില്ല.
തൈക്കാട് മോഡൽ സ്കൂളിന് ചുറ്റുമുള്ള റോഡ് ആകെ പൊളിച്ചിട്ടിരിക്കുകയാണ്. ശിശുക്ഷേമ സമിതിക്ക് മുന്നിലെ സ്ഥിതിയും ഇതുതന്നെ. സ്കൂൾ തുറക്കുന്നത് കണ്ട് തൽക്കാലത്തേക്ക് തട്ടിക്കൂട്ട് മൂടൽ നടത്തിയിട്ടുണ്ട്. പക്ഷെ മഴ പെയ്താൽ വഴിനടക്കാനാവില്ലെന്നുറപ്പ്. ചുരുക്കത്തിൽ പ്രധാന റോഡുകൾ തന്നെ എന്തിന് വേണ്ടി പൊളിച്ചോ ആ ലക്ഷ്യം പോലും നേടാതെ കുട്ടികൾക്ക് തലവേദനയായിക്കിടക്കുകയാണ്.

തിരുവനന്തപുരത്ത് ആദിവാസി കുട്ടികളെ രക്ഷിതാക്കൾ അറിയാതെ സ്കൂൾ മാറ്റിയതായി പരാതി
തിരുവനന്തപുരം: കേരളം മുഴുവൻ പ്രവേശനോത്സവം നടക്കുന്പോൾ തിരുവനന്തപുരം നന്ദിയോടുള്ള ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുകയാണ്. ആദിവാസി കുട്ടികളെ മാതാപിതാക്കൾ അറിയാതെ സ്കൂൾ മാറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്കൂൾ തുറക്കുന്നതിന് അഞ്ച് ദിവസം മുന്പാണ് യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളെ ഞാറനീലിയിലെ ഡോ. അംബേദ്കർ വിദ്യാനികേതനിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകിയത്. പുതിയ കെട്ടിടം കിട്ടും വരെയുള്ള താൽക്കാലിക ക്രമീകരണം മാത്രമാണ് നടത്തിയതെന്നാണ് പട്ടിക വർഗ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.
ആഘോഷമായി സ്കൂളുകൾ തുറന്നു
തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂൾ അധ്യായനം സാധാരണനിലയിലേക്ക് മടങ്ങുന്നത്. നാല് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് കണക്കൂട്ടൽ. ഇനിയും വാക്സിനെടുക്കാത്ത കുട്ടികൾ ഉടൻ പ്രതിരോധകുത്തിവയ്പ്പ് എടുക്കണമെന്നാണ് നിർദ്ദേശം.
ഇനി എല്ലാം പഴയത് പോലെയാകുന്ന പുതിയ പഠനകാലം. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിൽ അധികമുള്ള വിദ്യാലയങ്ങളിലേക്ക് കൊവിഡ് കാലത്തെ അതിജീവിച്ച് ഇന്ന് കുട്ടികളെത്തും. ആകെ 42,90000 വിദ്യാർത്ഥികളാണ് സ്കൂളിലെത്തുക. കഴക്കൂട്ടം സര്‍ക്കാര്‍ ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം.
പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനവും പൂർത്തിയായിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം, എല്ലാവരും ഒന്നിച്ച് പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുതെന്നും നിര്‍ദേശമുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.
അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി. 1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സർക്കാർ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും ഒന്നും കളയാൻ നിൽക്കേണ്ട. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.

