
കോട്ടയം: അയർക്കുന്നത് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ കുടുംബ വഴക്കെന്ന് പൊലീസ്. മദ്യലഹരിയിലാണ് ഭര്‍ത്താവ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത് എന്ന് സൂചിപ്പിക്കുന്ന സാക്ഷി മൊഴികൾ ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അയർക്കുന്നം അയ്യൻ കുന്ന് സ്വദേശി സുനിൽകുമാർ (52) ഭാര്യ മഞ്ജുളയെ (48) ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചത്.
സംഭവം നടക്കുന്ന സമയത്ത് ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തു പോയിരുന്ന എഞ്ജിനിയറിങ് വിദ്യാർഥിയായ മകൻ ദേവാനന്ദ് തിരികെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിലും മഞ്ജുളയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ദേവാനന്ദ് ബഹളം വച്ചപ്പോളാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. നാട്ടുകാര്‍ ഒടിയെത്തി പരിശോധിച്ചപ്പോള്‍ മഞ്ജുളയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ദമ്പതിമാർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്കിനു മുമ്പ് സുഹൃത്തുമൊത്ത് സുനില്‍ മദ്യപിച്ചിരുന്നെന്ന സൂചനയും പൊലീസ് കിട്ടി. തന്‍റെ അവസാനത്തെ അത്താഴമാണ് ഇതെന്ന് സുനില്‍ പറഞ്ഞതായി സുഹൃത്തും വെളിപ്പെടുത്തി.
ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാന്‍ തീരുമാനിച്ചുറപ്പിച്ചാണ് സുനില്‍ വീട്ടിൽ എത്തിയതെന്നാണ് സുഹൃത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിച്ചേർന്നിരിക്കുന്ന നിഗമനം. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം സുനിൽകുമാർ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസ് അനുമാനം. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കൗൺസിലിങ് പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി ദിവസങ്ങൾക്കകമാണ് ദാരുണമായ സംഭവം ഉണ്ടായത്. എഞ്ജിനിയറിങ് വിദ്യാർഥിയായ മകനെ കൂടാതെ ദമ്പതിമാർക്ക് അക്ഷര എന്ന മകളുമുണ്ട്. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam