ഇനി നേതാവല്ല, വെറും പ്രവർത്തകൻ; പാർട്ടി നടപടി സന്ദീപ് വാര്യർക്ക് കനത്ത തിരിച്ചടി 

By Web TeamFirst Published Oct 10, 2022, 7:45 PM IST
Highlights

ഒത്തുതീർപ്പ് നീക്കങ്ങൾ നടന്നുവെങ്കിലും സുരേന്ദൻ കടുത്ത നിലപാടെടുത്തു. അതാണ് നടപടിക്കുള്ള കാരണം. അടുത്ത ഘട്ടത്തിൽ കൂടുതൽ സുപ്രധാന ചുമതലകളിലേക്കെത്തുമെന്ന് എല്ലാവരും കരുതിയ നേതാവിനെതിരെയാണ് നടപടി.

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതോടെ സന്ദീപ് വാര്യർ പാർട്ടിയിൽ ഇനി വെറും പ്രവർത്തകൻ. ബിജെപിയുടെ പ്രാഥമിക അം​ഗത്വം മാത്രമാണ് സന്ദീപ് വാര്യർക്ക് നിലവിൽ ഉള്ളത്. വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിൽ പ്രതികരിക്കാൻ ഇല്ലെന്നു സന്ദീപ് വാര്യർ അറിയിച്ചു. സന്ദീപ് വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ നടപടി പാർട്ടി  കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ടിന് ശേഷമാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് പരാതി അന്വേഷിച്ചത്. ചാനൽ ചർച്ചകളിലും സോഷ്യൽമീഡിയയിലും ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യർ. അങ്ങനെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. പെട്ടെന്നുള്ള വളർച്ചയായിരുന്നു രാഷ്ട്രീയത്തിൽ സന്ദീപ് വാര്യരുടേത്. സോഷ്യൽമീഡിയയിലും ശ്രദ്ധേയ നേതാവായി. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ ഷൊറണൂരിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 

സോഷ്യൽമീഡിയയിലും ചാനൽചർച്ചകളിലും പുറത്തും അതിവേഗം സംസ്ഥാനത്ത് ഉദിച്ചുയർന്ന ബിജെപിയുടെ യുവമുഖമായിരുന്നു സന്ദീപ് വാര്യർ. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഏറെ പ്രിയപ്പെട്ടവൻ. സോഷ്യൽ മീഡിയാ പോസ്റ്റുകൾ അണികൾ ആവേശത്തോടെ ലൈക്കടിച്ച് വരുന്നതിനിടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. കഴിഞ്ഞ നവംബറിൽ ഹലാൽ വിവാദത്തോടെ പാർട്ടി നേതൃത്വവും സന്ദീപ് വാര്യരും അകന്നു തുടങ്ങി. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നത് നിസാരകാര്യമല്ലെന്നും പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നുമായിരുന്നു കെ സുരേന്ദ്രൻറെ പ്രതികരണം ഹലാൽ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റിൽ പാർട്ടി ആകെ വെട്ടിലായത്. വികാരമല്ല വിവേകമാണ് ഇത്തരം വിവാദങ്ങളിൽ നയിക്കേണ്ടതെന്നായിരുന്നു പോസ്റ്റ്. ഹിന്ദുവിനും മുസ്ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല. സ്ഥാപനം തകർക്കാൻ ഒരു പോസ്റ്റ് മതിയാകും പക്ഷെ സ്ഥാപനം തകർന്നാൽ പട്ടിണിയിലാകുന്നത് അനേകം പേരാണ്. 

പോസ്റ്റിന് പൊതുസമൂഹത്തിൽ വലിയ കയ്യടി കിട്ടിയെങ്കിലും ബിജെപി വാളെടുത്തു. സംസ്ഥാന നേതൃത്വം തന്നെ തിരുത്താൻ നിർദ്ദേശിച്ചെന്നാണ് വിവരം. പിന്നാലെ പോസ്റ്റ് സന്ദീപ് പിൻവലിച്ചു. പക്ഷെ അകൽച്ച തുടർന്നു. അന്ന് മുതൽ ചാനൽ ചർച്ചകളിൽ സന്ദീപിന് അപ്രഖ്യാപിത വിലക്കുണ്ട്. ഇതിനിടെ സന്ദീപ് വാര്യർക്കെതിരെ ഗൗരവമേറിയ പരാതികൾ കിട്ടിയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. നിയമസഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി അനുമതിയില്ലാത ഫണ്ട് വാങ്ങി എന്നതടക്കമുള്ള പരാതികളുണ്ടെന്നാണ് സൂചന. ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യനെ അന്വേഷണത്തിന് നേതൃത്വം ചുമതലപ്പെടുത്തിയെന്നാണ് വിവരം. കുര്യൻറെ റിപ്പോർട്ടിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടെ ചില ഒത്തുതീർപ്പ് നീക്കങ്ങൾ നടന്നുവെങ്കിലും സുരേന്ദൻ കടുത്ത നിലപാടെടുത്തു. അതാണ് നടപടിക്കുള്ള കാരണം. അടുത്ത ഘട്ടത്തിൽ കൂടുതൽ സുപ്രധാന ചുമതലകളിലേക്കെത്തുമെന്ന് എല്ലാവരും കരുതിയ നേതാവിനെതിരെയാണ് നടപടി. വക്താവ് സ്ഥാനം പോയതോടെ വെറെ ഭാരവാഹിത്വങ്ങളൊന്നുമില്ലാതായി. ഇനി സാധരണ അംഗം മാത്രമായി സന്ദീപ് വാര്യർ. 

അംഗം മാത്രമായി സംസ്ഥാന നേതൃത്വവുമായി നിലനിൽക്കുന്ന ദീർഘനാളായുള്ള അഭിപ്രായ ഭിന്നതകൾക്ക് ഒടുവിൽ യുവനേതാവ് സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ തയ്യാറായില്ല. നടപടി പാർട്ടിയുടെ സംഘടനാപരമായ ആഭ്യന്തര കാര്യമാണെന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. എന്നാൽ ഹലാൽ വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും പാർട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന.

click me!