'ഇങ്ങനെയെങ്കിൽ നീതി കിട്ടുമെന്ന് തോന്നുന്നില്ല, മെഡി. കോളേജ് ആക്രമണത്തിൽ രാഷ്ട്രീയ ഇടപെടൽ'

Published : Oct 10, 2022, 07:11 PM ISTUpdated : Oct 10, 2022, 07:15 PM IST
'ഇങ്ങനെയെങ്കിൽ നീതി കിട്ടുമെന്ന് തോന്നുന്നില്ല, മെഡി. കോളേജ് ആക്രമണത്തിൽ രാഷ്ട്രീയ ഇടപെടൽ'

Synopsis

പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് തന്നെ അവസരം ഒരുക്കി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും തന്നെ മർദ്ദിച്ച സംഘത്തിലെ രണ്ടു പേരെ പിടികൂടിയിട്ടില്ലെന്നും ദിനേശൻ

കോഴിക്കോട്: നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ ദിനേശൻ.  ഈ രീതിയിൽ പോകുകയാണെങ്കിൽ നീതി കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ദിനേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് തന്നെ അവസരം ഒരുക്കി. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും തന്നെ മർദ്ദിച്ച സംഘത്തിലെ രണ്ടു പേരെ പിടികൂടിയിട്ടില്ലെന്നും ദിനേശൻ ആരോപിച്ചു. പ്രതികൾക്കെതിരെ, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണെന്നും ദിനേശൻ ആരോപിച്ചു. 

കോഴിക്കോട് മെഡി. കോളേജ് ആക്രമം: ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികള്‍ക്ക് ജാമ്യം

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.അരുൺ ഉൾപ്പെടെ 5 പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 6 മുതൽ  മുതൽ 5 പേരും റിമാൻഡ് കഴിയുകയാണ്.

ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ.അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ഈ വകുപ്പ് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമിട്ടത്. ഇവര്‍ മടങ്ങി പോയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനെയും സംഘം അക്രമിച്ചു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി