ആരെ തൃപ്തിപ്പെടുത്താനാണിത്? ശശി തരൂർ കാണിച്ച വ്യഗ്രത എന്നെ അമ്പരപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Published : May 25, 2025, 02:31 PM IST
ആരെ തൃപ്തിപ്പെടുത്താനാണിത്? ശശി തരൂർ കാണിച്ച വ്യഗ്രത എന്നെ അമ്പരപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Synopsis

'മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ആഗോള പൗരനെന്ന നിലയിലും പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ എന്ന നിലയിലും ഇത് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്'

തിരുവനന്തപുരം: തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ കേരളം തുർക്കിക്ക് ധനസഹായം നൽകിയതിനെ വിമർശിച്ച ശശി തരൂരിനെതിരെ ജോൺ ബ്രിട്ടാസ് എംപി രം​ഗത്ത്. രണ്ടു വർഷം മുൻപ്, 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി കേരളം തുർക്കിക്ക് ധനസഹായം നൽകിയതിനെ എടുത്തുപറഞ്ഞു വിമർശിക്കാൻ ശശി തരൂർ വ്യഗ്രത കാണിച്ചത് എന്നെ അമ്പരപ്പിക്കുകയാണെന്ന് ബ്രിട്ടാസ് കുറിച്ചു. 

മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ആഗോള പൗരനെന്ന നിലയിലും പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ എന്ന നിലയിലും ഇത് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്. എന്നിരിക്കേ, അദ്ദേഹം ഇത് എന്തുകൊണ്ടു വിസ്മരിച്ചുവെന്ന് ബ്രിട്ടാസ് ചോദിച്ചു. പാകിസ്താനുമായി പ്രശ്നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളിൽപ്പോലും ആ രാജ്യത്തിനു സഹായം നൽകാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഓർമ്മയിലില്ലേ? 2005-ൽ ഭൂകമ്പവേളയിലും 2010-ൽ വെള്ളപ്പൊക്കമുണ്ടായപ്പോ‍ഴും  രണ്ടര കോടി ഡോളർ വീതം ഇന്ത്യ പാകിസ്ഥാനു സഹായം നൽകിയിട്ടുണ്ട്. 2014-ൽ ജമ്മു-കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ പാകിസ്ഥാനു സഹായം നൽകാമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. 2022-ൽ പാകിസ്ഥാനിലെ മൂന്നിലൊന്നു ഭാഗവും വെള്ളത്തിനടിയിലായ വെള്ളപ്പൊക്കത്തിലും ഇന്ത്യ സഹായ പ്രഖ്യാപനം നടത്തി.

പാകിസ്താനിൽ 2010-ൽ പ്രളയം വന്നപ്പോൾ യുപിഎ സർക്കാർ അര കോടി ഡോളർ നൽകി. രണ്ടു കോടി ഡോളർ യുഎന്നിലൂടെയും നൽകി.  മൊത്തം കൊടുത്തത് രണ്ടര കോടി ഡോളർ. 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാന്റെ അതിഹീനമായ മുംബൈ ആക്രമണം. അതു ക‍ഴിഞ്ഞ് രണ്ടു കൊല്ലം ചെല്ലുമ്പോ‍ഴായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുപിഎ സർക്കാരിൽ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തികൂടിയാണ് തരൂർ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തിനായിരിക്കാം അദ്ദേഹം തന്റെ പദവി ഇടിച്ചുതാ‍ഴ്ത്തിയും കൃത്രിമ മറവി രോഗത്തിന് അടിമപ്പെട്ടും കേരളത്തിനെതിരെ ഇത്തരമൊരു സാഹസികകൃത്യത്തിന് മുതിർന്നതെന്നും അദ്ദേഹം ചോദിച്ചു.  

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി