'രാജി സ്വതന്ത്രമായ എന്റെ തീരുമാനം, അത് അറിയിക്കേണ്ടവരെ അറിയിച്ചു': സജി ചെറിയാൻ

By Web TeamFirst Published Jul 6, 2022, 6:10 PM IST
Highlights

ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും സജി ചെറിയാൻ

തിരുവനന്തപുരം: മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാൻ പറഞ്ഞു.

'വാവിട്ട വാക്ക്' വിനയായി, സജി ചെറിയാന്‍ പുറത്ത്

ഈ വിഷയങ്ങളാണ് പ്രസംഗത്തിൽ ഉന്നയിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായി വ്യാഖ്യാനിക്കുമെന്ന് കരുതിയതേയില്ല. താൻ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ രാജ്യത്തോടും നീതി വ്യവസ്ഥയോടും ഭരണഘടനയോടും അങ്ങേയറ്റത്തെ കൂറ് പുലർത്തി. പ്രസംഗത്തിലെ ചില ഭാഗം അടർത്തിമാറ്റിയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. അത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുമുള്ള ശ്രമമാണ്. ഇത് എനിക്ക് അതിയായ ദുഖമുണ്ടാക്കി. ഞാൻ ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ഞാൻ തീരുമാനിച്ചു. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.

click me!