Asianet News MalayalamAsianet News Malayalam

വിദ്യര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; 'വാവിട്ട വാക്ക്' വിനയായി, സജി ചെറിയാന്‍ പുറത്ത്

രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് പുറത്തായ ആദ്യ മന്ത്രി, രാജി പ്രഖ്യാപനം അപ്രതീക്ഷിതം

saji cheriyan resigns from state cabinet
Author
Thiruvananthapuram, First Published Jul 6, 2022, 5:56 PM IST

തിരുവനന്തപുരം; സ്വപ്നയുടെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണം, സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സജി ചെറിയാനും കുടുങ്ങിയത്. പത്തനം തിട്ടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഭരണഘടനയെന്ന പരാമര്‍ശമാണ് തിരിച്ചടിയായത്. നാക്കു പിഴയെന്ന വിശദീകരണം കൊണ്ട് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിയിലേക്ക് നീങ്ങിയത്. സജി ചെറിയാന്‍റെ രാഷ്ട്രീയ ജിവിതത്തിലേക്ക് ...

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ ടി ടി ചെറിയാന്‍റെയും  പുന്തല ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന ശോശാമ്മ ചെറിയാന്‍റെയും മകന്‍.സ്കൂള്‍ വിദ്യാഭ്യാസകാലത്ത് എസ്എഫ്‌ഐയിലൂടെയാണ് സജി ചെറിയാന്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറായി.  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു പ്രീഡിഗ്രിയും മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമബിരുദം നേടി.  എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലെത്തി. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ് പദവികള്‍ വഹിച്ചിട്ടുണ്ട്.  കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 

1990-ല്‍ സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയംഗമായ സജി ചെറിയാന്‍ വൈകാതെ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായി.  1995-ല്‍ മുളക്കുഴ ഡിവിഷനില്‍ നിന്നു ജയിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. രണ്ടായിരത്തില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി. 2006-ല്‍ ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് തോറ്റു. 2014-ല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. സിഐടിയു ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് , ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് , ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചു. 2018-ല്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന്  നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഡി.വിജയകുമാറിനെ 20914 വോട്ടുകള്‍ക്കു തോല്‍പ്പിച്ചു.  2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നു വീണ്ടും നിയമസഭാംഗമായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി. ഒടുവില്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ 2022 ജൂലൈ 6ന് രാജി

കുടുംബം
ക്രിസ്റ്റീനയാണ് ഭാര്യ. ഡോ.നിത്യ എസ് ചെറിയാന്‍, ഡോ. ദൃശ്യ എസ് ചെറിയാന്‍, ശ്രവ്യ എസ് ചെറിയാന്‍ എന്നിവരാണ് മക്കള്‍.

Follow Us:
Download App:
  • android
  • ios