
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയർത്തിയതെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.
'മാവേലിക്കരയിൽ, മറ്റിടങ്ങളിലെല്ലാം സമരത്തിനൊപ്പം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിഷയത്തിലിടപെടുമെന്ന സൂചന നൽകി. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഞാൻ പഴയ എസ് എഫ്ഐക്കാരനാണ്. അത് വിജയനും, നായനാർക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു കരുവന്നൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ ഇഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന ആരോപണത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം. പദയാത്രയുടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂർണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത' മറ്റിടങ്ങളിലും പദയാത്രകൾക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
സഹകരണ കൊള്ളയ്ക്കെതിരെയാണ് ഇന്നലെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചത്. കനത്ത മഴയിലും വൻ ജനാവലി യാത്രയെ അനുഗമിച്ചു. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം തിരിച്ചു കിട്ടാതെ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചനയോടെയായിരുന്നു പദയാത്ര തുടങ്ങിയത്. പിന്നാലെ ബംഗ്ലാവ് സെന്ററിലെ ഗാന്ധി പ്രതിമയിൽ പുഷ്പങ്ങളർപ്പിച്ചു. രാഷ്ട്രീയമല്ല, മനുഷ്യത്വമാണ് പദയാത്രയ്ക്ക് കാരണമെന്നും സഹകരണ അഴിമതിക്കെതിരെ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam