
ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ തകർക്കാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയിൽ താൻ പങ്കുകാരൻ അല്ലായിരുന്നു എന്ന് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. അന്ന് പലരും വിമർശനം ഉന്നയിച്ചപ്പോ8 താൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാതൃകാ പുരുഷനായിരുന്നു ഉമ്മൻ ചാണ്ടി എന്നും സുധാകരൻ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ സാധിച്ചില്ല. അത്തരം ആരോപണം ഉന്നയിച്ചവർക്കെല്ലാം ഇപ്പോൾ ശിക്ഷ കിട്ടി എന്നും ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞു. സി പി എമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചാണ് ഇത്തവണ എം എൽ എ ആയത്.
അതേസമയം ജനപ്രതിനിധികൾ വി ഐ പികളെല്ലെന്നും ജനങ്ങളാണ് വി ഐ പികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്നാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന് മുന്നിൽ വരുന്നവർ ആയിരുന്നു വി ഐ പിമാരെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ പൊതുപ്രവർത്തന കാലം ഉമ്മൻ ചാണ്ടിക്ക് മുൻപ് ശേഷവും എന്ന് അടയാളപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടി മരണത്തിന് ശേഷം ഉയർത്തെഴുനേൽക്കുന്നുവെന്നും അതാണ് കല്ലറയിൽ ഇപ്പോഴും കാണുന്ന തിരക്കെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വരുന്ന ആവലാതി കേട്ടിട്ട് അത് കളയുന്ന ആളായിരുന്നില്ല ഉമ്മൻ ചാണ്ടി. പല വിവാദങ്ങളും ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായി. സെക്രട്ടറിയേറ്റ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നു. മന്ത്രിസഭക്ക് ശേഷം മാധ്യമസമ്മേളനങ്ങൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയായിരുന്നു. കഴിഞ്ഞ 10 വർഷം ഇതൊന്നും ഉണ്ടായില്ല. യു ഡി എഫ് സർക്കാർ വന്നു അതെല്ലാം വീണ്ടും തുടങ്ങി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ കല്ലെറിഞ്ഞു പരിക്കേറ്റിട്ടും പ്രതികൾക്ക് എതിരെ നടപടി എടുക്കരുത് എന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ കൂടി പേരിലാണ് ജനങ്ങൾ യു ഡി എഫിന് വോട്ട് ചെയ്തതെന്നും ഉമ്മൻ ചാണ്ടി കോൺഗ്രസിന് കേവലം നേതാവ് മാത്രം ആയിരുന്നില്ലെന്നും എല്ലാം എല്ലാം ആയിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തൻ ആണ് മരിച്ച ഉമ്മൻ ചാണ്ടി. വിഴിഞ്ഞം പോർട്ടിനു സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം. സർക്കാർ അതിനുള്ള നടപടി എടുക്കണമെന്നും പാർട്ടിയും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ പോലും പ്രതികാരബുദ്ധിയോടെ കാണാത്ത ഉമ്മൻ ചാണ്ടിയുടെ ശൈലി ആണ് യു ഡി എഫ് വിജയത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam