വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ, അധ്യാപക ജോലി ഏറ്റവും ഉദാത്തമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർക്ക് പുതിയ പരിശീലനം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൊച്ചി: വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, അറിവുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ അധ്യാപക ജോലി ഇക്കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മാറ്റങ്ങൾ അനിവാര്യം
ലഹരി മാഫിയകൾ സമൂഹത്തിൽ പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് പുനരധിവിന്യാസവും പുതിയ പരിശീലനങ്ങളും നൽകേണ്ടതുണ്ട്. ഇക്കാര്യം സർക്കാർ വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാരത്‌ന അവാർഡുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എം പി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപന രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്, അമൃത വിശ്വ വിദ്യാപീഠവുമായി ചേര്‍ന്നാണ് വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് പരിപാടി സംഘടിപ്പിച്ചത്. 10 കാറ്റഗറികളിൽ ആയി 21 അവാർഡുകൾ ആണ് വിതരണം ചെയ്തത്.
