തിരുവനന്തപുരം: സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ചോദിച്ചത്. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംവാദം നടക്കുകയാണെങ്കിൽ വി ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവൻകുട്ടി പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam