
ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ ഡി എം കെ സർക്കാരിനും എ ഐ എ ഡി എം കെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്. താൻ മുന്നണികൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നത്. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും, രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. താൻ ആരുടെയും അടിമയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനനായകൻ വിവാദത്തിലടക്കം ബി ജെ പി, വിജയ്‌യെ സമ്മർദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരോക്ഷ മറുപടി. എ ഐ എ ഡി എം കെ നേരിട്ടും ഡി എം കെ രഹസ്യമായും ബി ജെ പിയുടെ അടിമകളായെന്നും എന്നാൽ താൻ ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്നും വിജയ് വ്യക്തമാക്കി.
കഴിഞ്ഞ 30 വർഷമായി തന്നെ പലരും വിലകുറച്ചു കാണുകയാണെന്ന് വിജയ് പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയക്കാരെപ്പോലെ അഴിമതി നടത്തി പണം സമ്പാദിക്കാൻ തനിക്ക് താല്പര്യമില്ല. തനിക്ക് അത്തരത്തിലൊരു പണത്തിന്‍റെ ആവശ്യമില്ല. അഴിമതിമുക്ത ഭരണമാണ് തന്റെ പ്രധാന വാഗ്ദാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സഖ്യകക്ഷികൾ ഒപ്പമില്ലെന്ന പരിഹാസങ്ങൾക്കും വിജയ് മറുപടി നൽകി. തനിച്ച് നിന്നാലും ജയിക്കാൻ ശക്തിയുള്ള പടയാണ് ടി വി കെ എന്ന് അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി ചിഹ്നമായി 'വിസിൽ' അവതരിപ്പിച്ച വിജയ്, 'കപ്പ് മുഖ്യം ബിഗിലേ' എന്ന് പറഞ്ഞുകൊണ്ട് വിസിലടിക്കുകയും ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 'നടക്കപ്പോറത് ഒരു ജനനായക പോര്' ആണെന്നും വിജയ് ഓർമ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam