
തിരുവനന്തപുരം: സിൽവർ ലൈനിൽ മാസങ്ങളോളം കേരളത്തിൽ നടന്നത് വലിയ രാഷ്ട്രീയപ്പോരും സംഘർഷവുമായിരുന്നു. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്കെതിരെ കോൺഗ്രസും ബി ജെ പിയും ജനകീയസമിതിയും നടത്തിയ കടുത്ത പ്രതിഷേധങ്ങൾ കേരളം കണ്ടതാണ്. കെട്ടിപ്പൂട്ടിയ സിൽവർ ലൈനിന് പകരം ഇ ശ്രീധരന്‍റെ ബദലിന് കേന്ദ്രം കൈകൊടുക്കാനൊരുങ്ങുമ്പോൾ സംസ്ഥാനത്ത് സ്ഥിതി മാറുകയാണ്. സിൽവർലൈനിന് ബദലായുള്ള അതിവേഗ റെയിൽപ്പാതയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാറും പ്രതിപക്ഷവും സ്വീകരിക്കുന്നത്. പേര് മാറ്റിയാലും ഏതെങ്കിലും വേഗപാത മതിയെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. അതിവേഗ പാതയെ കരുതലോടെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം സ്വീകരിച്ചിട്ടുള്ളത്. അതേസമയം മുഴുവൻ കേന്ദ്ര പദ്ധതിയാക്കി മാറ്റിയുള്ള ബി ജെ പിയുടെ തന്ത്രമാണോ എന്ന സംശയം കൂടി എൽ ഡി എഫിനുണ്ട്. തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും ഭാരതപ്പുഴക്ക് കുറുകെ പാലം വരുന്നതിനെ എതിർത്തയാളാണ് ഇ ശ്രീധരനെന്നുമാണ് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചതെങ്കിലും പദ്ധതിയെ സ്വാഗതം ചെയ്യുന്ന നിലപാട് തന്നെയാണ് അദ്ദേഹം പങ്കുവച്ചത്.
മഞ്ഞക്കുറ്റി പറിച്ചെറിയാൻ മത്സരിച്ച കോൺഗ്രസിനും പുതിയ അതിവേഗ പാതയുടെ കാര്യത്തിൽ മറിച്ചൊരു അഭിപ്രായമില്ല. കേരളത്തിൽ അതിവേഗ പാത വരട്ടെ എന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസും പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പദ്ധതിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ പ്രഖ്യാപിക്കാതിരുന്ന പദ്ധതി രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് ശ്രീധരൻ അറിയിച്ചത്. അതിവേഗം ഡി പി ആർ അടക്കമുള്ള നടപടികളിലേക്ക് ഡി എം ആർ സി കടക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ അളവ് കുറവായതിനാൽ കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് ശ്രീധരന്‍റെ കണക്ക് കൂട്ടൽ. പക്ഷെ കേന്ദ്ര പ്രഖ്യാപനം കാത്തിരിക്കുകയാണ് കേരളം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam