
തൊടുപുഴ: സാഹസിക പര്‍വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സമുദ്ര നിരപ്പില്‍ നിന്നും 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2) വാണ് അര്‍ജുന്‍ കീഴടക്കിയത്. മെയ് 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍ (എന്‍.ഐ.എം) നിന്നുള്ള അഡ്വാന്‍സ് മൗണ്ടനിയറിങ് കോഴ്സിന്റെ ഭാഗമായാണ് അര്‍ജുന്‍ കൊടുമുടി താണ്ടിയത്. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാർഥ്യമാക്കിയതെന്ന് ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.
പര്‍വതാരോഹണവുമായി ബന്ധപ്പെട്ട് വിവിധ കടമ്പകള്‍ പിന്നിട്ട ശേഷമാണ് അര്‍ജുന്‍ ലക്ഷ്യത്തിലെത്തിയത്. 28 ദിവസം വീതമുള്ള രണ്ട് ഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം ഘട്ടമായി കഴിഞ്ഞ വര്‍ഷം ഡാര്‍ജിലിംഗിലെ ഹിമാലയന്‍ മൗണ്ടനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 28 ദിവസത്തെ ബേസിക് മൗണ്ടനിയറിങ് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. റോക്ക് ക്രാഫ്റ്റ്, ഗ്ലേസിയര്‍ ട്രെയിനിങ് എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന പര്‍വതാരോഹണ കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ട പരിശീലനം ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങി (എന്‍.ഐ.എം) ല്‍ നിന്നുമാണ്. 28 ദിവസം വരുന്ന അഡ്വാന്‍സ്് മൗണ്ടനിയറിങ് കോഴ്‌സാണിത്. ഇതിന് ശേഷമാണ് അവസാന ഘട്ട പര്യവേഷണത്തിന് പുറപ്പെടുക. ലോകത്തെ ഏത് പര്‍വതവും കയറാന്‍ യോഗ്യരാക്കും വിധമാണ് ഈ രണ്ട് കോഴ്‌സുകളിലെയും പരിശീലനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുവരെയാണ് 10 ദിവസത്തെ അവസാന ഘട്ട പര്യവേഷണത്തിന് തെരഞ്ഞെടുക്കുക.
ഉത്തരകാശിയില്‍ നിന്നാരംഭിക്കുന്ന അവസാനഘട്ട പര്യവേഷണം തേല ക്യാമ്പും ഗുജ്ജര്‍ഹട്ടും പിന്നിട്ട് 3800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങിന്റെ ബേസ് ക്യാമ്പിലാണ് ആദ്യം എത്തുക. ഇവിടെ നിന്നും 450 മീറ്റര്‍ കൂടി പിന്നിട്ടാല്‍ സമുദ്ര നിരപ്പില്‍ നിന്നും 4250 മീറ്റര്‍ ഉയരത്തിലുള്ള അഡ്വാന്‍സ് ബേസ് ക്യാമ്പിലെത്തും. പിന്നീടെത്തിച്ചേരുന്നത് 4800 മീറ്റര്‍ ഉയരത്തിലുള്ള ബേസ് 1 ലാണ്. തുടര്‍ന്ന് പുലര്‍ച്ചെ 2.30ന് കൊടുമുടി കീഴടക്കാനുള്ള അവസാന ഘട്ട പര്‍വതാരോഹണം ആരംഭിക്കും. രാവിലെ 7.15ന് ലക്ഷ്യ സ്ഥാനമായ 5760 മീറ്റര്‍ ഉയരമുള്ള ദ്രൗപദി കാ ദണ്ഡ2 (ഡി.കെ.ഡി2) വില്‍ എത്തി വിജയക്കൊടി നാട്ടി.
മസ്സൂറിയിലെ ഐഎഎസ് ട്രെയിനിങിന് കാലഘട്ടത്തിലാണ് പര്‍വതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. സര്‍വീസില്‍ പ്രവേശിച്ച ശേഷം ഒറ്റപ്പാലത്ത് സബ് കളക്ടറായിരുപ്പോള്‍ പാലക്കാട് ജില്ലയിലെ വിവിധ മലകളില്‍ ട്രക്കിങ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹിമാലയം കീഴടക്കണമെന്ന മോഹം ഉദിച്ചത്. ഇതിനായി സര്‍ക്കാര്‍ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചിലവിലാണ് പര്‍വതാരോഹകരുടെ സ്വപ്‌നമായ ദ്രൗപദി കാ ദണ്ഡ2 കൊടുമുടി കീഴടക്കിയത്. നിലവില്‍ ഇടുക്കി ജില്ലാ വികസന കമ്മീഷണറാണ് അര്‍ജ്ജുന്‍.
സംസ്ഥാനത്തൊട്ടാകെയും ഇടുക്കി പോലുള്ള മലയോര മേഖലയില്‍ പ്രത്യേകിച്ചും സാഹസിക ട്രക്കിങിനും മല കയറ്റത്തിനും വലിയ അവസരമാണുള്ളത്. ഇത്തരത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യവും കൂടിയുണ്ടായിരുന്നു പര്‍വ്വതാരോഹണത്തിന് പിന്നില്‍. എവറസ്റ്റ് ഉള്‍പ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്‌നവുമായാണ് ഈ യുവ ഐഎഎസ് ഓഫീസറുടെ ജൈത്രയാത്ര.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam