
കൊച്ചി: ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് തെളിയിക്കാനുള്ള എന്ത് തെളിവുകളാണ് എസ് കീഴ്‍ക്കോടതിയിൽ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സർക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്നും കോടതി വിഎസ്സിനോട് ചോദിച്ചു. ഹർജി പന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
നേരത്തേ ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസർക്കാരിന്‍റെ ക്ലീൻ ചിറ്റ് കിട്ടിയിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദൻ നൽകിയ പുനഃപരിശോധനാ ഹർജി തള്ളണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണ്. അതിൽ ഇനി വേറെ ഒരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. 2017- ഡിസംബർ 23-ലെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഐസ്ക്രീം പാർലർ കേസിലെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഉത്തരവിട്ടത്.
മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട കേസിൽ ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസ്സിന്‍റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam