പിവി അൻവറിന്‍റെ തടയണ പൊളിച്ച് മാറ്റുന്നത് നീളും; എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

By Web TeamFirst Published Jun 28, 2019, 1:06 PM IST
Highlights

 തുടർച്ചയായി പെയ്യുന്ന മഴയും ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ് തടസ്സമായിരിക്കുന്നത്.

മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ച് മാറ്റുന്നത് നീളാൻ സാധ്യത. തുടർച്ചയായി പെയ്യുന്ന മഴയും തടയണ പൊളിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ് തടസ്സമായിരിക്കുന്നത്. അതേസമയം, തടയണ നിര്‍മിച്ചിരിക്കുന്ന സ്ഥലം സന്ദർശിച്ച പി വി അൻവർ എംഎൽഎ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പൊതുപ്രവർത്തകൻ വിനോദ് കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. അൻവറിന്‍റെ നിയമ ലംഘനങ്ങൾ കാണിച്ച് നേരത്തെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ വ്യക്തിയാണ് വിനോദ്. 

കഴിഞ്ഞ ബുധനാഴ്ചയാണ് പിവി അൻവർ എംഎൽഎ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയിരിക്കുന്ന സ്ഥലം സന്ദർശിച്ചത്. തടയണ പൊളിക്കാൻ മാത്രമാണ് ഹൈക്കോടതി നിർദ്ദേശമുള്ളതെന്ന് പറഞ്ഞ് എംഎൽ എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായാണ് പൊതുപ്രവർത്തകന്‍റെ പരാതി. എന്നാല്‍, ഉദ്യോഗസ്ഥരുടെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കളക്ട‍ർ പറഞ്ഞു.

തടയണ സ്ഥിതി ചെയ്യുന്ന ചീങ്കണ്ണിപ്പാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തു. ഇടയ്ക്ക് മണ്ണ് മാന്തി യന്ത്രങ്ങൾ പണി മുടക്കി. ഇത് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തടസ്സമായി. തടയണ പൊളിച്ച് സ്ഥലം പൂർവ്വ സ്ഥിതിയിലാക്കി ജൂലായ് രണ്ടിന് റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 

അതേസമയം, തടയണ പൊളിക്കുന്നതിന് നേതൃത്വം നൽകിയ തഹസിൽദാരുടെ സ്ഥലം മാറ്റം മുപ്പതാം തിയ്യതിക്ക് ശേഷമേ ഉണ്ടാകൂ എന്ന് കളക്ടർ വ്യക്തമാക്കി. തടയണ പൊളിച്ച് മാറ്റുന്ന പണി നീളുകയാണെങ്കിൽ തഹസിൽദാരെ തുടരാൻ അനുവദിക്കുന്നത് സംബന്ധിച്ച് ലാന്‍റ് റവന്യു കമ്മീഷണറുടെ അനുമതി വാങ്ങാനാണ് തീരുമാനം. 

click me!