പ്രധാനപാതകളിലും ഇടവഴികളിലും പരിശോധന; റെഡ്സോണായ ഇടുക്കിയില്‍ കടുത്ത നടപടികള്‍

By Web TeamFirst Published Apr 29, 2020, 7:23 AM IST
Highlights

ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയവരാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കർശന പരിശോധനകൾ ഉണ്ടാകും.

ഇടുക്കി: ഗ്രീന്‍സോണില്‍ നിന്ന് റെഡ്സോണിലായതോടെ ഇടുക്കിയിലെ നിയമലംഘനങ്ങളിൽ നടപടി കടുപ്പിച്ച് അധികൃതര്‍. ജില്ലയിലെന്പാടും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി പുറത്തിറങ്ങിയ 118 പേർക്കെതിരെ കേസെടുത്തു.

മറ്റ് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങളിൽ 216 പേർക്കെതിരെയും കേസുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുകയോ വാഹനങ്ങളിൽ യാത്രയോ പാടില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത് ഉറപ്പാക്കാൻ പരിശോധനകളും കർശനമാക്കി. രണ്ട് എസ്പിമാരുടെ നേതൃത്വത്തിൽ ആകെ 1559 പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്.

ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയവരാണ്. ഈ സാഹചര്യത്തിൽ ഇടുക്കിയിലേക്കുള്ള നാല് പ്രധാന പാതകളിലും 25 ഇടവഴികളിലും കർശന പരിശോധനകൾ ഉണ്ടാകും. 78 സ്ഥലത്ത് പിക്കറ്റ് പോസ്റ്റുകളും 58 ബൈക്ക് പട്രോളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ലോക്ക്ഡൗണ്‍ പാലിക്കാതെ കടകൾ തുറന്നിരുന്നു.

ഇനിമുതൽ ഇതിൽ ഉപദേശമുണ്ടാവില്ല, മറിച്ച് കേസെടുക്കുക തന്നെ ചെയ്യും. അതേസമയം, കോട്ടയത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് കോട്ടയത്തിന് ആശ്വാസമായിരുന്നു.

എങ്കിലും ഒരാഴ്ചകൊണ്ട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 17 ആയത് ആശങ്കപ്പെടുത്തുന്നതാണ്.ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. അഞ്ച് പേരിൽ കൂടുതൽപേർ കൂട്ടം കൂടുന്നത് ജില്ലയിൽ നിരോധിച്ചു. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി. 

click me!