
ആലപ്പുഴ: കേരളത്തിലെ ടൂറിസം വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സീപ്ലെയിന്‍ പദ്ധതിക്ക് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി തടസം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നു.
സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. എല്ലാരും മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സിപിഎം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004ൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നിത്. കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് അനുയോജ്യമാണെന്നും വിനോദസഞ്ചാരത്തെ പോഷിപ്പിക്കുമെന്നും മനസിലാക്കി കേരളത്തില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടത്.
എന്നാല്‍ തുടര്‍ന്ന വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അടുത്ത യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്‍റെയും ഇച്ഛാശക്തിയില്‍ ആ പദ്ധതി യാഥാര്‍ത്ഥ്യമായി. എന്നാല്‍ മത്സ്യത്തൊഴിലാളികളെ ചാവേറുകളായി മുന്‍ നിര്‍ത്തി എല്‍ഡിഎഫ് ഈ പദ്ധതിയെ അട്ടിമറിക്കുക ആയിരുന്നയെന്നും അവര്‍ക്ക് ഇപ്പോഴെങ്കിലും വൈകിയുദിച്ച ബുദ്ധിക്ക് നന്ദിയെന്നും കെ സി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നീ മൂന്നിടത്തും യുഡിഎഫ് വന്‍വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടേത് റെക്കാര്‍ഡ് ഭൂരിപക്ഷമായിരിക്കും. പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പാലക്കാട് എല്‍ഡിഎഫിനും ബിജെപിക്കും എതിരെയാണ് യുഡിഎഫിന്റെ മത്സരം. കോണ്‍ഗ്രസിനെ പരാജപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും സംയുക്തമായിട്ടാണ് മത്സരിക്കുന്നത്. അത് പെട്ടിവിവാദത്തില്‍ നാം കാണ്ടതാണ്.
പാലക്കാടും ചേലക്കരയിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സര്‍ക്കാരാണിത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്ഷേമപദ്ധതികളും പെന്‍ഷനും കുടിശികയാണ്. ഐഎഎസ് -ഐപിഎസ് തലപ്പത്ത് ഉദ്യോഗസ്ഥര്‍ പരസ്യമായി പരസ്പരം തമ്മിത്തല്ലുകയാണ്. അവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ദളിത് വിരുദ്ധ മന്ത്രിസഭയാണ് എല്‍ഡിഎഫിന്റെത്. പട്ടികജാതി വിഭാഗത്തിന് ഒരു മന്ത്രിയെപ്പോലും നല്‍കിയില്ല.
പട്ടികജാതി മന്ത്രി ഇല്ലെന്ന് ചൂണ്ടികാണിക്കുന്നത് എങ്ങനെ സ്വത്വവാദമാകും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിലെ ഒരു പാര്‍ട്ടിയാണ് സിപിഎം. അപ്പോഴാണ് ഒരു പ്രത്യേക വിഭാഗത്തിന് മന്ത്രി വേണ്ടെന്ന് സിപിഎം തീരുമാനിക്കുന്നത്. അതിന് കാരണമെന്താണെന്ന് സിപിഎം പി ബി വ്യക്തമാക്കണം. ചേലക്കരയില്‍ സിപിഎമ്മിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. പരാജയ ഭീതികാരണമാണ് ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് പറഞ്ഞ് സിപിഎം മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ കാരണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam