കുമളി ചുരക്കുളം എസ്റ്റേറ്റ് തോട്ടഭൂമിയുടെ പോക്കുവരവ് തടഞ്ഞ് ജില്ലാ കളക്ടർ ഉത്തരവിറക്കി

By Web TeamFirst Published Mar 24, 2023, 9:46 AM IST
Highlights

താലൂക്കിൽ നിന്നും വില്ലേജ് ഓഫീസിലേക്കയച്ച മൂന്നെണ്ണത്തിൻറെ പോക്കു വരവ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എസ്റ്റേറ്റിലെ മുഴുവൻ ഭൂമി ക്രയവിക്രയങ്ങളും തടഞ്ഞുകൊണ്ട് കളക്ടർ ഉത്തരവിട്ടത്

ഇടുക്കി: കുമളിയിൽ നിയവിരുദ്ധമായി മുറിച്ചു വിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമിയുടെ പോക്കു വരവ് തടഞ്ഞ് കളക്ടർ ഉത്തരവിറക്കി. കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 120 എ പ്രകാരം രജിസ്ട്രേഷൻ നടപടികൾ നിർത്തി വെയ്ക്കണമെന്നാണ് നിർദ്ദേശം. കേരള ഭൂ പരിഷ്കരണ നിയമ പ്രകാരം മിച്ച ഭൂമി ഇളവു നേടിയ കുമളി ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് റവന്യൂ വകുപ്പിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഭൂമി തിരിച്ചു പിടിക്കാൻ മിച്ചഭൂമി കേസ് ആരംഭിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണ‌ർ അനുമതിയും നൽകി. ഇതിനു പിന്നാലെയാണ് എസ്റ്റേറ്റ് വക ഭൂമി കൈമാറ്റം ചെയ്യുന്നത് തടയാൻ രജസ്ട്രേഷൻ നടപടികൾ നിർത്തി വയക്കാൻ കളക്ടർ ഉത്തരവിട്ടത്. പീരുമേട് സബ് രജിസ്ട്രാർക്കും ഇതു സംബന്ധിച്ച് കത്തു നൽകി. 65 ൽ ഒന്ന് ഡി സർവേ നമ്പറിലുൾപ്പെട്ട ചുരക്കുളം എസ്റ്റേറ്റിലെ അഞ്ചേക്കർ ഭൂമി കുമളി പഞ്ചായത്തും വാങ്ങിയിരുന്നു. അഞ്ച് ആധാരങ്ങളിലായിട്ടാണ് അഞ്ചരക്കോടിയോളം രൂപയ്ക്ക് ഭൂമി വാങ്ങിയത്. 

കളക്ടർ ഉത്തരവിടുന്നതിനു മുമ്പ് മൂന്നെണ്ണത്തിന്റെ പോക്ക് വരവ് നടപടികൾ ആരംഭിച്ചിരുന്നു. താലൂക്കിൽ നിന്നും വില്ലേജ് ഓഫീസിലേക്കയച്ച മൂന്നെണ്ണത്തിൻറെ പോക്കു വരവ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എസ്റ്റേറ്റിലെ മുഴുവൻ ഭൂമി ക്രയവിക്രയങ്ങളും തടഞ്ഞുകൊണ്ട് കളക്ടർ ഉത്തരവിട്ടത്. ഇതോടെ പോക്കുവരവ് നടത്തുന്നത് തടയാനും ഈ സർവേ നമ്പറിലുള്ള ഒരു ഭൂമിയുടെയും കരം സ്വീകരിക്കേണ്ടെന്നും പീരുമേട് തഹസിൽദാർ കുമളി വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. കളക്ടറുടെ ഉത്തരവിന് മുമ്പ് നടത്തിയ പോക്ക് വരവ് റദ്ദ് ചെയ്യാൻ അനുമതി തേടി പീരുമേട് തഹസീൽദാർ ജില്ലാ കളക്ടർക്ക് അടുത്ത റിപ്പോർട്ട് നൽകും.

click me!