
ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് (LDF) ഇടുക്കി ജില്ലാ കമ്മറ്റി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ജില്ലാ കമ്മറ്റിയുടെ വിമർശനം. ഭൂമി പ്രശ്നങ്ങള്‍ക്കും കൈവശക്കാർക്ക് പട്ടയം നൽകുന്നതിനും പ്രഥമ പരിഗണന നൽകും എന്നായിരുന്നു ഇടത് സർക്കാർ ഇടുക്കിക്കാർക്ക് നൽകിയ പ്രധാന വാഗ്ദാനം. എന്നാൽ തുടർഭരണം ലഭിച്ചിട്ടും നടപടിയൊന്നുമാകുന്നില്ല.
പട്ടയം നൽകുന്നതിനായി ഭൂപതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് ജില്ല കമ്മറ്റി യോഗം ചേർന്നത്. പ്രശ്ന പരിഹാരത്തിനായുള്ളള ഇടപെടലുമായി ജില്ലാ കമ്മറ്റി മുമ്പോട്ട് പോകും. ഇതിനായി ഈ ആഴ്ച തന്നെ ഇടുക്കിയില്‍ നിന്നുള്ള ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയേയും, റവന്യൂ മന്ത്രിയേയും നേരില്‍ കാണും.
പ്രതിപക്ഷത്തിനൊപ്പം ഇടുക്കിയില്‍ ഇടത് പക്ഷവും ഭൂ വിഷയങ്ങളില്‍ നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് സർക്കാരിനെതിരെ ഭൂ വിഷയങ്ങളിൽ വിമർശനം ഉയർന്നത്. വട്ടവടിയിലെ നീല കുറിഞ്ഞി ഉദ്യാന അതിര്‍ത്തി നിര്‍ണ്ണയം വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam