
തൊടുപുഴ: മൂന്നാർ മേഖലയിൽ സിപിഎം നേതാക്കളും ബന്ധുക്കളും വരെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് എന്ന് പ്രചരിക്കുന്നുണ്ടെന്നും ആര്‍ക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണമെന്നും സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മൂന്നാറില്‍ സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കയ്യേറ്റഭൂമിയുണ്ടെങ്കില്‍ അത് അന്വേഷിച്ച് ഒഴിപ്പിക്കേണ്ടത് റവന്യു വകുപ്പാണെന്നും ശിവരാമന്‍ പറഞ്ഞു.
ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എം.എം മണി എം.എല്‍.എക്ക് മറുപടിയുമായി കെ.കെ ശിവരാമന്‍ ഇന്നലെ ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി കെ.കെ ശിവരാമന്‍ രംഗത്തെത്തിയത്. ആര്‍ക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണമെന്നതാണ് നിലപാട്. അഞ്ച് സെന്‍റ് വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കണമെന്ന നിലപാട് സര്‍ക്കാരിനില്ല. കോട്ടക്കമ്പൂരിൽ അടക്കം കോൺഗ്രസുകാർക്കും കയ്യേറ്റമുണ്ട്. കയ്യേറ്റ ഭൂമി പിടിച്ചെടുക്കണം. കയ്യൂക്കുള്ളവന് സർക്കാർ ഭൂമി കയ്യേറി വ്യാജ പട്ടയം ഉണ്ടാക്കാനും കൈവശം വയ്ക്കാനും അവകാശമില്ല.
ഫേസ്ബുക്ക് പോസ്റ്റ് എം എം മണിയെ പരിഹസിച്ചതല്ല. വിഷയത്തില്‍ സിപിഎമ്മും സിപിഐയുംപരസ്പരം പോരാടിക്കുന്നില്ല. എൽഡിഎഫിന്റെ നയം കയ്യേറ്റം ഒഴിപ്പിക്കുക എന്നുള്ളതാണ്. കയ്യേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടതിനാല്‍ കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞതോടെ ആ തർക്കം അവിടെ വച്ച് തീർന്നുവെന്നും ശിവരാമന്‍ പറഞ്ഞു.ജില്ലയില്‍ വന്‍കിട കയ്യേറ്റമുണ്ടെങ്കില്‍ ശിവരാമന്‍ വന്ന് കാണിച്ചുകൊടുക്കട്ടെയെന്ന് എം.എം മണി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ.കെ ശിവരാമന്‍ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.
കയ്യേറ്റമുള്ള സ്ഥലങ്ങൾ താൻ കാണിച്ചു തരാമെന്നും നമുക്ക് ഒരുമിച്ചു പോകാമെന്നുമായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന് അന്ത്യശാസനം കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ചതല്ലെന്നും വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ കെ ശിവരാമൻ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam