
ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 വീടുകള്‍ തകര്‍ന്നു. ഇതിൽ 6 വീടുകൾക്ക് പൂർണമായും 56 വീടുകൾക്ക് ഭാഗികമായുമാണ് നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ ആകെ 112 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. പൂര്‍ണമായും തകര്‍ന്നത് ഒൻപത് വീടുകളാണ്. 103 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
കടശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റിൽ മരം വീഴുന്നതിനിടെ ഓടിമാറിയ സ്ത്രീ വീണ് മരിച്ചു. ചക്കുപള്ളം വില്ലേജിൽ എലിസബത്ത് (55) ആണ് മരിച്ചത്. ഇടുക്കി താലൂക്കിൽ 30 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 18 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. പിരുമേട് ഉടുമ്പൻചോല താലൂക്കുകളിൽ മൂന്ന് വീടുകൾ ഭാഗികമായും ദേവികുളം താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായും തകർന്നു.
ഇടുക്കിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ
കനത്ത മഴയെ തുടർന്ന് ജില്ലയിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിൽ മൂന്ന് ക്യാമ്പും ദേവികുളം താലൂക്കിൽ രണ്ട് ക്യാമ്പുമാണ് തുറന്നത്. ഇടുക്കി താലൂക്കിൽ മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ 18 കുടുംബങ്ങളിലായി 65 അംഗങ്ങളാണുള്ളത്. ഇതില്‍ 18 പുരുഷന്‍മാര്‍, 28 സ്ത്രീകള്‍ 19 കുട്ടികൾ ആണുള്ളത്. കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 10 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാർ, 3 സ്ത്രീകൾ, 2 കുട്ടികളുമാണുള്ളത്.
മുരിക്കാശേരി സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 4 കുടുംബങ്ങളിലായി 7 അംഗങ്ങളാണുള്ളത്. 4 പുരുഷൻമാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്. ദേവികുളം മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ 8 കുടുംബങ്ങളിലായി 26 അംഗങ്ങളുണ്ട്. 5 പുരുഷൻമാരും 18 സ്ത്രീകളും 3 കുട്ടികളുമാണുള്ളത്. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ 5 കുടുബംങ്ങളിൽ നിന്ന് 15 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാരും 7 സ്ത്രീകളും 3 കുട്ടികളുമാണ് ഇവിടെയുള്ളത്.
24 മണിക്കൂറിനുള്ളിൽ 96.52 മില്ലി മീറ്റര്‍ മഴ
96.52 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2338.22 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ 124.75 അടിയാണ് ജലനിരപ്പ്.
ഇന്ന് റെഡ് അലർട്ട്
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ ഇന്ന് (30) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മഞ്ഞ അലര്‍ട്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam