മൂലമറ്റത്ത് 6 ജനറേറ്റുകളുടെ പ്രവർത്തനം മുടങ്ങി, സംസ്ഥാനത്ത് 10 മണി വരെ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

By Web TeamFirst Published Aug 12, 2021, 8:28 PM IST
Highlights

വൈദ്യുതി ഉദ്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി  ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാൻ  നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.

ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി. കണ്ട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ താൽക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകുമെന്നും കെഎസ് ഇബി അറിയിച്ചു.

ആശുപത്രി  അടക്കമുള്ള അവശ്യ സർവ്വീസ് മുടങ്ങാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനായി കൂടുതൽ തെർമൽ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍റര്‍ സ്വീകരിച്ചു.  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ ഒരു ജനറേറ്റർ പ്രവർത്തനം പുനരാരംഭിച്ചു. 

മൂലമറ്റത്തെ കണ്ട്രോൾ സിസ്റ്റത്തിനാണ് തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും വൈദ്യുത മന്ത്രി അറിയിച്ചു. 300 മെഗാ വാട്ട്  പുറത്ത് നിന്ന് വാങ്ങിയിട്ടുണ്ട്. 10 മണി വരെ വൈദ്യുതി തടസ്സപ്പെട്ടേക്കാം. അതിനുള്ളിൽ തകരാർ പരിഹരിക്കും. ആവശ്യമെങ്കിൽ അധിക വൈദ്യുതി വാങ്ങുമെന്നും മന്ത്രി അറിയിച്ചു. 
 

click me!