ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല; ഉദ്ഘാടനം ചെയ്തത് എംഎം മണി; പിന്നാലെ നിശാപാർട്ടിയും വിവാദവും

By Web TeamFirst Published Jul 8, 2020, 6:27 AM IST
Highlights

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടി നടത്തിയത് വൻ വിവാദമായി. 

ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസില്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും. ക്രഷർ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നൽകാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടി നടത്തിയത് വൻ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബെല്ലി ഡാൻസും മദ്യസൽക്കാരമൊക്കെയുള്ള പാർട്ടി. എന്നാൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ക്രഷർ യൂണിറ്റിന് ലൈസൻസ് ഇല്ലെന്നാണ് ഉടുമ്പൻചോല പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഒരു അപേക്ഷ പോലും തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

ക്രഷർ യൂണിറ്റ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നാണ് ജിയോളജി വകുപ്പും നൽകുന്ന വിവരം. രണ്ട് വർഷം മുമ്പ് അളവിൽ കൂടുതൽ പാറ പൊട്ടിച്ച് കടത്തിയെന്ന പേരിൽ ഈ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. അതിപ്പോഴും തുടരുന്നെന്നും, ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തിയതിൽ നോട്ടീസ് അയക്കുമെന്നും ജിയോളജി വകുപ്പ് അറിയിച്ചു. അതേസമയം മന്ത്രിയെയും ഉടുമ്പൻചോല പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണസമിതിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

click me!