ഇടുക്കിയിൽ കൊവിഡ് നിയന്ത്രണം ലംഘിച്ച് നിശാപാർട്ടിയും ബെല്ലീ ഡാൻസും: ആറ് പേർ അറസ്റ്റിൽ

By Web TeamFirst Published Jul 6, 2020, 7:28 PM IST
Highlights

നിശാ പാർട്ടി നടന്ന റിസോർട്ടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വിദേശത്ത് നിന്നെത്തിയ നർത്തകി വിസാ നിയമങ്ങൾ ലംഘിച്ചോയെന്നും പരിശോധിക്കും.

ഇടുക്കി: ഇടുക്കി രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ കേസിൽ ആറ് പേര് അറസ്റ്റില്‍. നിശാ പാർട്ടി നടന്ന റിസോർട്ടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും തുടങ്ങി. വിദേശത്ത് നിന്നെത്തിയ നർത്തകി വിസാ നിയമങ്ങൾ ലംഘിച്ചോയെന്നും പരിശോധിക്കും.

നിശാപാർട്ടിയുടെ സംഘാടകരായ തണ്ണിക്കോട് മെറ്റൽസിന്റെ മാനേജർ, പരിപാടി നടന്ന ജംഗിൽപാലസ് റിസോർട്ട് മാനേജർ അടക്കമുള്ള ആറ് പേരാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തണ്ണിക്കോട് മെറ്റൽസ് ചെയർമാൻ റോയി കുര്യൻ അടക്കം ആകെ 48 പേർക്കെതിരെയാണ് കേസ്. എല്ലാവരെയും ഇതുപോലെ അറസ്റ്റ് ചെയ്യുമെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസ് എന്ന ക്രഷർ യൂണിറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിശാപാർട്ടി സംഘടിപ്പിച്ച റിസോർട്ടിന്‍റെ ലൈസൻസ് റദ്ദ് ചെയ്യാൻ ഉടുമ്പൻചോല പഞ്ചായത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ബെല്ലി ഡാൻസിനായി എത്തിയ വിദേശനർത്തകി വിസാ ചട്ടങ്ങൾ പാലിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയിൽ താമസിക്കുന്ന യുക്രൈൻ സ്വദേശിനിയാണ് നർത്തകി. ഇവരെ ഉടൻ ചോദ്യം ചെയ്യും. മദ്യസൽക്കാരം നടന്നെന്ന ആരോപണത്തിൽ എക്സൈസും അന്വേഷണം നടത്തുന്നുണ്ട്.

47 പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്. സംഭവത്തിൽ തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യന് പുറമെ 47 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിപാടി നടന്ന റിസോർട്ടിൽ സിസിടിവി ഇല്ലാത്തത് ആളുകളെ കണ്ടെത്തുക വെല്ലുവിളി ആണെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമുണ്ട്. നിശാപാർട്ടിയിൽ ഉന്നതരടക്കം നൂറിലധികം പേർ പങ്കെടുത്തെന്നും അവരെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നുമാണ് ആരോപണം. 

click me!