
ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ അപകടത്തിലായ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സുരക്ഷാവേലിക്കുളളിൽ വീണ ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിഥിൻ ബിജു എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. വിഷ്ണു പ്രസാദിന്‍റെ ലൈസൻസ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.
അപകടത്തിൽപെട്ടത് ഉൾപ്പെടെ മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കുകൾ രൂപമാറ്റം വരുത്തിയതായും ആർടിഒയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. മത്സരയോട്ടങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികൾ ഉൾപ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
വൈറലായ ആ ആക്സിഡന്‍റ്
വെള്ളയാം കുടിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് കുതിച്ചുപൊങ്ങി ട്രാൻസ്ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിച്ച സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കട്ടപ്പന വലിയ കണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് വണ്ടിയോടിച്ചിരുന്നത്. ഇയാൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് ഹംപ് പോലെയുള്ള എന്തോ തടസ്സത്തിൽത്തട്ടി മറിഞ്ഞ് ഉയർന്ന് പൊങ്ങി ബൈക്കിലിരുന്ന വിഷ്ണുപ്രസാദ് ഒരു വശത്തേക്ക് പറന്ന് വീഴുന്നതും ബൈക്ക് ട്രാൻസ്ഫോമറിനുള്ളിലേക്ക് വീഴുന്നതും കാണാമായിരുന്നു. ഞെട്ടിക്കുന്ന ദൃശ്യത്തിനൊടുവിൽ കാര്യമായ പരിക്കില്ലാതെ വിഷ്ണു പ്രസാദ് എഴുന്നേറ്റ് വരുന്നത് കാണുമ്പോഴായിരുന്നു ഒരാശ്വാസം. ആളുകൾ ദൃശ്യം കണ്ട് ഇവിടേക്ക് ഓടിയെത്തുന്നതും കാണാമായിരുന്നു.
കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ട വിഷ്ണുപ്രസാദ് പിന്നാലെ എത്തിയ സുഹൃത്തിന്‍റെ ബൈക്കിൽ കയറിയാണ് സ്ഥലത്ത് നിന്ന് പോകുന്നത്. അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചാണ് അപകടം ഒഴിവാക്കിയത്. പോലീസും അഗ്നിരക്ഷാ സേനയുമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിന്‍റെ ദൃശ്യം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam