
ദില്ലി : ഇനി അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിക്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു. എൻ്റെ അഭിപ്രായങ്ങളോട് ജനങ്ങളിൽ നിന്ന് മോശമായ പ്രതികരണം ഞാൻ കണ്ടിട്ടില്ല. എന്നാൽ പാർട്ടിയിൽ അത് ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നതെന്ന് അവർ എന്നോട് ചോദിക്കുന്നു. അതെ, അവർ നമ്മുടെ എതിരാളികളാണ്, പക്ഷേ അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, അവരെ അഭിനന്ദിക്കണം.
ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല, എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല സംരംഭങ്ങളെ ഞാൻ അഭിനന്ദിക്കാൻ കാരണം ഇതാണ്.
കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.
ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും, ഉടമകളുടെ ഓഡിയോ പുറത്ത്
സ്വതന്ത്ര അഭിപ്രായ സർവ്വേകളിൽ കേരളത്തിൽ ജനസമ്മിതിയിയിൽ താനാണ് മുന്നിലുള്ളത്. പാർട്ടിക്ക് ആവശ്യമാണെങ്കിൽ ഈ ജനസമ്മതി ഉപയോഗപ്പെടുത്താം. പാർട്ടിക്ക് എന്നെ ഉപയോഗപ്പെടുത്താൻ താൽപര്യമുണ്ടെങ്കിൽ ഞാനെപ്പോഴും സന്നദ്ധനാണ്. വിയോജിപ്പുകളുടെ പേരിൽ പാർട്ടി വിടില്ല. പാർട്ടി പിന്തുണയെക്കാൾ അധികം വോട്ടുകൾ തിരുവനന്തപുരത്തെ മത്സരത്തിൽ തനിക്ക് കിട്ടി. 2026 തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇതേ രീതി പിന്തുണയ്ക്കണമെന്നും തരൂർ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പാണ് ഈ അഭിമുഖം നടന്നത്.
ശശി തരൂരുമായി ഇനി ചർച്ചയില്ല, ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല