പെന്‍ഷന്‍പ്രായം: മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കുമോയെന്ന് സതീശൻ

Published : Nov 03, 2022, 02:58 PM ISTUpdated : Nov 03, 2022, 03:00 PM IST
പെന്‍ഷന്‍പ്രായം: മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കുമോയെന്ന് സതീശൻ

Synopsis

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോഴിക്കോട്:മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെങ്കില്‍ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിന് മുമ്പ് ചർച്ച ചെയ്യാത്തതിൽ സി പി എമ്മി ൽ കടുത്ത അതൃപ്തി. പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. നാളെ തുടങ്ങുന്ന പാർട്ടി നേതൃയോഗങ്ങളിലും ഇക്കാര്യം ചർച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല, വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ ഏകീകരണം, എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്തിയ സർക്കാരിന് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ പിന്നോട്ട് പോകേണ്ടി വരുകയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.മന്ത്രിസഭാ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പ്രശ്നം ഉന്നയിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഉത്തരവ് ഒറ്റയടിക്ക് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങൾ വരുമെന്ന് നിയമമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് 29 ലെ ധനവകുപ്പ് ഉത്തരവിൽ തുടർ നടപടി വേണ്ടെന്ന തീരുമാനമെത്തിലെത്തിയത്.

ഇതോടെ കഴിഞ്ഞ മാസം വിരമിക്കേണ്ടവരടക്കം പുറത്തേക്ക് പോകുന്ന സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ ഏകീകരണം ഒരു ടെസ്റ്റ് ഡോസായും സർക്കാർ കണക്കാക്കിയിരുന്നു. അടുത്ത ബജറ്റിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം ഒരു വർഷമെങ്കിലും കൂട്ടാൻ വരെ നീക്കമുണ്ടായിരുന്നു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി