
തിരുവനന്തപുരം: ഇ പി ജയരാജന്‍റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്‌ഷ്യം പിണറായി തന്നെയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.ഇ പി ജയരാജൻ അഴിമതിക്കാരൻ. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്പാദിച്ചു. ആ പണം മകന്‍റേയും ഭാര്യയുടെയും പേരിൽ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചു . തെളിവുകൾ തന്‍റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജൻ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എഴുതി തന്നാൽ അന്വേഷിക്കാമെന്നു എം വി ഗോവിന്ദൻ പറയുകയും ചെയ്തു. പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്തു പിണറായി വിജയൻറെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്.
പിണറായിയും ഇ പി ജയരാജനും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വർഗ സമരം, തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച് കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന. ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാൽ പൊതുചിലവിലുള്ള ജീവിതം എന്നാണ് അർഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും സ്വത്ത് സമ്പാദിച്ചത്. ഈ സ്വത്തു സമ്പാദനത്തിനാണ് ഇവർ ജനസേവനം എന്ന് പറയുന്നത്.
അതുകൊണ്ട്, ജയരാജൻ തെറ്റുകാരൻ ആണെങ്കിൽ പിണറായിയും തെറ്റുകാരൻ തന്നെ. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കിൽ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം.
ഇ പി ജയരാജന്‍റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്‍റെ ലക്‌ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം. ജയരാജനും ജയരാജനും തമ്മിലുള്ള തർക്കം യഥാർത്ഥത്തിൽ സി പി എം കണ്ണൂർ ഗാംഗിൽ ഉണ്ടായിട്ടുള്ള വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. വിജയന്‍റെ നേതൃത്വത്തിൽ കണ്ണൂർ സഖാക്കൾ ഉരുക്കുകോട്ട പോലെയാണ് നിന്നിരുന്നത്. വിജയന്‍റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കണ്ണൂരിൽ നിന്ന് തന്നെ ആളുണ്ടായിരിക്കുന്നു. ഗോവിന്ദൻ വിജയനെ വെട്ടിനിരത്തും; വിജയൻ വി എസിനെ വെട്ടിനിരത്തിയത് പോലെ. അതാണ് കാവ്യ നീതി. അസുരഗണം തമ്മിലടിച്ചു നശിച്ചത് പോലെ ഇവരും നശിക്കും. അതാണ് കമ്മ്യൂണിസ്റ്റു ചരിത്രമെന്നും ഡോ കെ എസ് രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam