കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതം
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതം. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരായിരുന്നു രണ്ടുപേരും. ബിആർസിയില്‍ നിന്ന് ലഭിക്കുന്നത് പന്ത്രണ്ടായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. എന്നാല്‍ ഇരുവരും നയിച്ചിരുന്നത് ആഡംബര ജീവിതമാണ്. പൊലീസിന് ഇരുവരെയും സംശയം തോന്നിയതിന് പ്രധാന കാരണവും ഇതാണ്. ഇവരുടെ സഹപ്രവർത്തകർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ കോടികളുടെ ലഹരി ഇടപാട് നടന്നിട്ടുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൂർണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും കാവ്യയുമാണ്. അതിന് നിർദേശം നല്‍കിയത് ആരാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
കീർത്തന ലഹരിക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നു. ലഹരി വിരുദ്ധ ക്യാമ്പയിനിൽ കീർത്തന സൂംബ ചുവടുവച്ചിരുന്നു. കീർത്തനയേയും കാവ്യയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ടിട്ടുണ്ട്. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.
കീര്‍ത്തനയുടെ അക്കൗണ്ടിൽ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിൽ നിന്നും കാവ്യയുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് ഓപ്പറേഷൻ തൂഫാനിലൂടെ നിര്‍ണായക വിവരം പൊലീസിന് കിട്ടുന്നത്. അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. അധ്യാപികമാര്‍ക്ക് പണം അയച്ച് കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.



