
ദില്ലി: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്നും മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വിഎസിന്‍റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ധൻരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്‍റെ കാര്യത്തിൽ പാര്‍ട്ടിക്ക് ഒരു സംശയവും ഇല്ലെന്നും കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും എംഎ ബേബി പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ ഉയര്‍ത്തി ആരോപണം കേരളത്തിലെ പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനാകും. ധനസമാഹരണം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഒരു സംശയവുമില്ല. വളരെ സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തത്. പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, ക്രമസമാധാന പ്രശ്നമില്ലാതെ അത് നടക്കണമെന്നും എംഎ ബേബി പറഞ്ഞു. ധൻരാജ് ഫണ്ട് വിവാദത്തിൽ പാർട്ടിനൽകിയ വിശദീകരണം ശരിയല്ല എന്നു കാണരുത്. കഴിഞ്ഞ കേന്ദ്ര കമ്മറ്റിയും സംസ്ഥാന കമ്മറ്റിയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിന് കൃത്യമായ വ്യവസ്ഥയുണ്ട്.
വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍ നൽകിയതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല. നേരത്തെ പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന നാല് പേരും അവാർഡ് വ്യക്തിപരമായി നിരസിച്ചതാണ്.വിഎസ് ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹവും നിരസിക്കുമായിരുന്നു. ഇക്കാര്യത്തിൽ വിഎസിന്‍റെ കുടുംബമാണ് തീരുമാനം എടുക്കേണ്ടത്. കേരളത്തിൽ എം ലീലാവതി, ടി പദ്മനാഭൻ, ഗോപി ആശാൻ എന്നിവരെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യം കൂടി ഉണണ്ടെന്നും എംഎ ബേബി പറഞ്ഞു.
എസ്എൻഡിപി -എൻഎസ്എസ് ഐക്യം പാളിയതിലും എംഎ ബേബി പ്രതികരിച്ചു. സംഘടനകളുടെ പ്രധാന്യം വലുതാണെന്നും സഹകരണം നാടിന്‍റെ നന്മക്ക് വേണ്ടിയാണെങ്കിൽ നല്ലതാണെന്നും എംഎ ബേബി പറഞ്ഞു. കുടുംബ സമ്പര്‍ക്ക പരിപാടിക്കിടെ പാത്രം കഴുകിയതുമായി ബന്ധപ്പെട്ട ട്രോളിലും എംഎ ബേബി മറുപടി നൽകി. കഴിച്ച പാത്രം കഴുകി വെക്കുന്നത് കമ്യൂണിസ്റ്റ് രീതിയാണെന്നും മുതിര്‍ന്ന നേതാക്കളടക്കം ചെയ്യുന്നതാണെന്നും ചിലര്‍ തന്‍റെ പ്രവൃത്തിയെ കളിയാക്കി. അതിൽ അവര്‍ക്ക് മനസുഖം ഉണ്ടായതിൽ സന്തോഷം ഉണ്ടെന്നും എംഎ ബേബി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് വി ശിവൻകുട്ടി ആരോപിച്ചതിലും എംഎ ബേബി പ്രതികരിച്ചു. സോണിയ ഗാന്ധിക്ക് ഇത്തരക്കാരുമായി ബന്ധം ഉണ്ടാക്കണമെന്നുണ്ട് എന്ന് ഞങ്ങള്‍ ആരും കരുതുന്നില്ല. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള സോണിയ ഗാന്ധിക്ക് അടുത്തേക്ക് ഇവരെ കൊണ്ടുവന്നത് ആര് എന്നത് വ്യക്തമാക്കാൻ ആണ് ആവശ്യപ്പെട്ടത്. അതല്ലാതെ സോണിയ ഗാന്ധിക്കുനേരെ ആരും വിരൽ ചൂണ്ടുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam