
ഇടുക്കി: മൂന്നാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് വ്യാപക കയ്യേറ്റവും അഴിമതിയുമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ദേവികുളത്ത് നൽകിയ 110 കൈവശാവകാശ രേഖകൾ റദ്ദാക്കാൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിക്കും.
ദേവികുളത്ത് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 110 കൈവശാവകാശ രേഖകൾ റവന്യു വകുപ്പ് നൽകിയിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ 110 കൈവശാവകാശ രേഖകളും നിയമാനുസൃതമല്ലാതെയാണ് അനുവദിച്ചതെന്ന് കണ്ടെത്തി. സെന്‍റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും. കഴിഞ്ഞ ദിവസം ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരാണ് അഴിമതിയ്ക്ക് പിന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
സമാനമായി മൂന്നാറിലും ഈ സംഘം ഭൂമിയ്ക്ക് വഴിവിട്ട് കൈവശാകാശ രേഖകൾ അനുവദിച്ചതായി സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതിനാണ് ജില്ല കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുന്നത്. സംഘം 2019ന് മുമ്പ് ദേവികുളം റവന്യൂ ഓഫീസിൽ നിന്ന് നൽകിയ ഭൂരേഖകളും പരിശോധിക്കും. അഴിമതിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ട് റവന്യൂമന്ത്രിയ്ക്ക് സമർപ്പിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam