
കോഴിക്കോട്: മത്സ്യസമ്പത്തിന്‍റെ നാശത്തിനിടയാക്കും വിധം നിയമവിരുദ്ധമായി പെലാജിക് നെറ്റും തീവ്രവെളിച്ച സംവിധാനങ്ങളുമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടി. തമിഴ്‌നാട് തൂത്തൂര്‍ വട്ടവിളാകം സ്വദേശി ഗില്‍ബര്‍ട്ടിന്റെ ‘ലൗ മേരി’ എന്ന ബോട്ടും പുതിയങ്ങാടി കറുപ്പന്‍കണ്ടി സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ശിവദം' ബോട്ടുമാണ് പിടിച്ചെടുത്തത്. മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം നിയമ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ ഇരുബോട്ടുകള്‍ക്കുമായി 3.40 ലക്ഷം രൂപ പിഴ ചുമത്തി.
ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉയര്‍ന്ന ശേഷിയുള്ള ഹാലജന്‍ ലൈറ്റുകള്‍ ഘടിപ്പിച്ച ‘ലൗ മേരി’ ബോട്ട് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് 90,000 രൂപയാണ് പിഴ ചുമത്തിയത്. പുതിയാപ്പ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാംചന്ദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ 'ശിവദം' ബോട്ട് കണ്ടെത്തിയത്. ഈ ബോട്ടിന് പെര്‍മിറ്റ് ഇല്ലായിരുന്നുവെന്നും കണ്ടെത്തി. 2.5 ലക്ഷം രൂപയാണ് ഈ ബോട്ടിന് പിഴ ചുമത്തിയത്.